ദിവ്യഭാരതിയെ വീണ്ടും പോലീസ് വേട്ടയാടുന്നു.മധുര: പ്രശസ്ത ഡോക്യുമെന്ററി സംവിധായിക ദിവ്യാഭാരതിയെ പോലീസ് വീണ്ടും വേട്ടയാടുന്നു.പുതിയ ഡോക്യുമെന്ററി 'ഒരുത്തരും വരേല'യുടെ ട്രെയിലര്‍ പുറത്തുവന്നതിനുപിന്നാലെ പൊലീസ് തന്നെ വേട്ടയാടുകയാണെന്ന് സംവിധായക ദിവ്യ ഭാരതി. തന്റെ വീട്ടിലും മധുരയിലെ ഓഫിസിലും അനാവശ്യമായി പൊലീസ് കയറി ഇറങ്ങുകയാണെന്നും തനിക്ക് ഭീഷണികള്‍ ലഭിക്കുന്നെണ്ടന്നും ദിവ്യ ഭാരതി ആരോപിച്ചു.
ചൊവ്വാഴ്ച രാവിലെ താന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് 15 ഓളം പൊലീസുകാര്‍ വീട്ടിലെത്തുകയും പരിശോധന നടത്തുകയും ചെയ്തതായി ദിവ്യ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയിട്ടുണ്ട്. കൂട്ടത്തില്‍ ഉണ്ടായിരുന്ന 13 വനിതാ പൊലീസുകാരുംം യൂണിഫോമില്‍ ആയിരുന്നില്ല. സംഭവം അറിഞ്ഞ് അഭിഭാഷകന്‍ രാജേന്ദ്രന്‍ എന്റെ വീട്ടിലെത്തി. അദ്ദേഹം ചോദിച്ചപ്പോള്‍ പൊലീസ് പറഞ്ഞത് എന്റെ ഡോക്യുമെന്ററിയെ കുറിച്ച് അന്വേഷിക്കാനാണെന്നാണ്. വീടു മുഴുവന്‍ അരിച്ചു പെറുക്കിയ ശേഷമാണ് അവര്‍ തിരിച്ചു പോയത്, ദിവ്യ ഫെയ്‌സ്ബുക്കില്‍ എഴുതി.
ഓഖി ചുഴലിക്കാറ്റിനെ ആസ്പദമാക്കിയുളള ദിവ്യയുടെ ഡോക്യുമെന്ററി 'ഒരുത്തരും വരേല'യുടെ ട്രെയിലര്‍ ജൂണ്‍ 28 നാണ് പുറത്തിറങ്ങിയത്. ഡോക്യുമെന്ററിയില്‍ ഒരുപാട് ചോദ്യങ്ങള്‍ ദിവ്യ ഉയര്‍ത്തുന്നുണ്ട്.
പൊലീസ് വേട്ടയാടലിന് ദിവ്യ ഇരയാവുന്നത് ആദ്യമല്ല. ദിവ്യ സംവിധാനം ചെയ്ത 'കക്കൂസ്' ഡോക്യുമെന്ററി പുറത്തിറങ്ങിയപ്പോഴും പല കേസുകളില്‍ പൊലീസ് അവരെ കുടുക്കിയിരുന്നു. വധഭീഷണിയും ദിവ്യയ്ക്ക് ലഭിച്ചിരുന്നു. ഭീഷണികള്‍ ശക്തമായപ്പോള്‍ ജീവന്‍ ഭയന്ന് ദിവ്യ ഒളിവില്‍ കഴിയുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top