ദിവസവേതന അധ്യാപകര്‍ക്ക് നാലുമാസമായി ശമ്പളമില്ല

തൃക്കരിപ്പുര്‍: ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് നാലു മുതല്‍ ആറുമാസം വരെയായി ശമ്പളമില്ല. ശമ്പളം ട്രഷറിയില്‍ നിന്നുമാറ്റി ബാങ്കുകള്‍ വഴി ആക്കിയതിനാല്‍ ഹെഡ് ഓഫ് അക്കൗണ്ടില്‍ വന്ന മാറ്റമാണ് ശമ്പളം വിതരണം ചെയ്യുന്നതില്‍ തടസമുണ്ടായതെന്നാണ്് ബന്ധപ്പെട്ടവരുടെ വിശദീകരണം. അതേസമയം ശമ്പളം താല്‍ക്കാലിക അധ്യാപകര്‍ക്കു നല്‍കാന്‍ അക്കൗണ്ടില്‍ പണമില്ലെന്നാണ് ട്രഷറി അധികൃതര്‍ അറിയിച്ചത്്. ഇതോടെ നിത്യചെലവിന് വകയില്ലാതെ താല്‍ക്കാലിക അധ്യാപകര്‍ പ്രതിസന്ധിയിലായി. സ്‌കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ തയ്യാറാക്കിയ സ്പാര്‍ക്ക് സോഫ്റ്റ് വെയറിന്റെ സാങ്കേതിക പ്രശ്‌നമാണെന്നാണ്് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്. അധ്യാപകര്‍ക്കും മറ്റു സ്‌കൂള്‍ ജീവനക്കാര്‍ക്കും ശമ്പളം ഓണ്‍ലൈനായി നല്‍കുന്ന സോഫ്റ്റ് വെയറാണ് സ്പാര്‍ക്ക്. ജീവനക്കാരുടെ ശമ്പളം അവര്‍ക്ക് നല്‍കിയ പ്രത്യേക കോഡ് ഉപയോഗിച്ചാണ് പിന്‍വലിക്കുന്നത്. എന്നാല്‍ അടുത്തകാലത്തായി താല്‍ക്കാലിക ജീവനക്കാര്‍ക്കും ദിവസവേതനക്കാര്‍ക്കും സ്പാര്‍ക്ക് സിസ്റ്റം വഴിയാണ് ശമ്പളം അയക്കുന്നത്. അധ്യയന വര്‍ഷത്തിന്റെ നിര്‍ണായ ഘട്ടത്തില്‍ ശമ്പളം നല്‍കാത്തത് സ്‌കൂള്‍ നിലവാരത്തേക്കൂടി ബാധിക്കുമെന്നും ആശങ്കയുണ്ട്. സംസ്ഥാനത്തുതന്നെ കൂടുതല്‍ പേര്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നതും ജില്ലയിലാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകളിലും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നവര്‍ പത്രപരസ്യങ്ങള്‍ കണ്ടാണ് നിലവിലുള്ള ജോലി രാജിവച്ച് താല്‍ക്കാലിക അധ്യാപകരായത്്. പഞ്ചായത്ത് പരിധിയില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കിയായിരുന്നു ഇന്റര്‍വ്യൂ. അതേസമയം അധ്യാപക ട്രെയിനിങ്, കൂടാതെ കെ ടെറ്റും സെറ്റും നെറ്റും നേടിയവരാണ് ഇവരില്‍ ഭൂരിഭാഗവും. സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്നു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പിന്നീട് മറ്റു സര്‍ക്കാര്‍ ജോലിക്ക്് മുന്‍പരിചയമായി പരിഗണിക്കുമെന്നതും ഇവരെ നിലവിലുള്ള ജോലി ഉപേക്ഷിച്ച് താല്‍ക്കാലിക അധ്യാപകരാകാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ ചില സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകര്‍ക്ക് നാലുമാസത്തേയും മറ്റു ചില സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ആറുമാസത്തേയും ശമ്പളകുടിശ്ശിക ലഭിക്കാനുണ്ട്്. ജില്ലയിലെ പകുതിയിലധികം യുപി, എല്‍പി സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത് താല്‍ക്കാലിക അധ്യാപകരുടെ സേവനം കൊണ്ടാണ്.

RELATED STORIES

Share it
Top