ദിവസങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത് രണ്ട് പേര്‍ ; ജനം ഭീതിയില്‍ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തില്‍ ഗുണ്ടാമാഫിയ സംഘങ്ങള്‍ വിലസുന്നത് ജനജീവിതത്തിന് വെല്ലുവിളിയാവുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ മഞ്ചേശ്വരം-കുമ്പള സ്റ്റേഷന്‍ പരിധിയില്‍ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. രണ്ടും പട്ടാപ്പകല്‍. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ പൈവളിഗെ ചേവാറില്‍ കടയില്‍ കയറി വ്യാപാരിയെ അജ്ഞാത സംഘം കുത്തിക്കൊലപ്പെടുത്തി. ചേവാറിലെ ജികെ സ്റ്റോര്‍ ഉടമ രാമകൃഷ്ണ(49)യാണ് കൊല്ലപ്പെട്ടത്. കേരള-കര്‍ണാടക അതിര്‍ത്തി മേഖലയിലാണ് ഇദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനമുള്ളത്. ഉച്ചയ്ക്ക് മൂന്നോടെ കടയിലെത്തിയ രണ്ട് അജ്ഞാതര്‍ കുത്തിവീഴ്ത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഇതോടെ അതിര്‍ത്തി മേഖലയിലെ ജനങ്ങള്‍ വീണ്ടും ഭീതിയിലായി. കഴിഞ്ഞ 30ന് കുമ്പള പേരാലില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ പോരില്‍ ഒരു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. പേരാലിലെ അബ്ദുല്‍സലാമിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. അതിര്‍ത്തി മേഖല കേന്ദ്രീകരിച്ച് മണല്‍, ചാരായ മാഫിയ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവാണ്. നാടന്‍ തോക്കും വടിവാളും ഉപയോഗിച്ച് പകല്‍ സമയങ്ങളില്‍ പോലും കുമ്പള, ഉപ്പള, മഞ്ചേശ്വരം, ബന്തിയോട്, ബായാര്‍, പൈവളിഗെ തുടങ്ങിയ ടൗണുകളില്‍ ഗുണ്ടാസംഘങ്ങള്‍ വിലസുകയാണ്. ഇവര്‍ തമ്മിലുള്ള കുടിപ്പക തീര്‍ക്കുന്നത് കൊലപാതകത്തിലൂടെയാണ്. ആള്‍കൂട്ടത്തിനിടയില്‍ ശത്രുവിനെ തിരഞ്ഞുപിടിച്ച് കുത്തിവീഴ്ത്തി രക്ഷപ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പോലിസിന് ബദലായി രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനമുള്ള അധോലോക സംഘങ്ങളാണ് ഇവിടെ നിയന്ത്രിക്കുന്നത്. ഇവരെ ഭയന്ന് പോലിസില്‍ പരാതി നല്‍കാന്‍ പോലും ജനങ്ങള്‍ തയ്യാറാവുന്നില്ല. അബ്ദുല്‍സലാം വധക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സിദ്ദീഖും മറ്റൊരാളും നേരത്തെ കൊലക്കേസില്‍ പ്രതികളായിരുന്നു. രണ്ടാഴ്ച മുമ്പാണ് കേരള-കര്‍ണാടക അതിര്‍ത്തിയിലെ കറുവപ്പാടി പഞ്ചായത്ത് വൈസ്പ്രസിഡന്റ് അബ്ദുല്‍ജലീലിനെ ഓഫിസ് മുറിയില്‍കയറി കുത്തികൊലപ്പെടുത്തിയത്. സംഭവത്തില്‍ 11 പേരെ കര്‍ണാടക വിടഌപോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ ഭീതിയില്‍ നിന്ന് ജനങ്ങള്‍ മുക്തരാകുന്നതിന് മുമ്പാണ് പൈവളിഗെ പഞ്ചായത്തിലെ ചേവാറില്‍ വീണ്ടും കൊലപാതകം അരങ്ങേറിയത്.കഴിഞ്ഞ ജനുവരി 26ന് ഉപ്പളയിലെ ഗുണ്ടാസംഘം തലവന്‍ കാലിയ റഫീഖിനെ കര്‍ണാടകയില്‍ വച്ച് കൊലപ്പെടുത്തിയിരുന്നു. ഉപ്പള, പൈവളിഗെ, ബായാര്‍, കുമ്പള, ബന്തിയോട്, തലപ്പാടി, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയ സംഘങ്ങള്‍ക്ക് കര്‍ണാടകയിലെ ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ട്. കൃത്യം നടത്തിയ ശേഷം ഇവര്‍ കര്‍ണാടകയിലേക്ക് രക്ഷപ്പെടുകയാണ് പതിവ്. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പിരിവെടുക്കുന്നതും വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതും ഈ ഭാഗങ്ങളില്‍ പതിവാണ്. ഉപ്പള കേന്ദ്രീകരിച്ച് പോലിസ് സ്‌റ്റേഷന്‍ അനുവദിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ടെങ്കിലും ഇത് ഇപ്പോഴും ചുവപ്പുനാടയിലാണ്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ മഞ്ചേശ്വരം പോലിസ് സ്‌റ്റേഷന്റെ പരിധി വിപുലമാണ്. അതുകൊണ്ട് തന്നെ അക്രമസംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലിസുകാര്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ പറ്റുന്നില്ല.  മദ്യവും മയക്കുമരുന്നുകളും യഥേഷ്ടം ലഭ്യമാകുന്ന ഈ മേഖലയില്‍ ഏത് ക്രൂരകൃത്യത്തിനും തയ്യാറായി ഒരു സംഘം യുവാക്കള്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്. ജനജീവിതം ദുസ്സഹമാക്കി മാഫിയ സംഘങ്ങള്‍ വാഴുമ്പോഴും ക്രമസമാധാന പാലത്തിന് കൂടുതല്‍ പോലിസിനെ നിയോഗിക്കാനോ ആവശ്യത്തിന് വാഹനങ്ങള്‍ അനുവദിക്കാനോ ആഭ്യന്തരവകുപ്പ് തയ്യാറാവുന്നില്ല.

RELATED STORIES

Share it
Top