ദിലീപ് പുറത്തുതന്നെ: മോഹന്‍ലാല്‍

കൊച്ചി: അമ്മ സംഘടന ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും ദിലീപ് ഇപ്പോഴും സംഘടനയ്ക്ക് പുറത്തുതന്നെയാണെന്നും താരസംഘടനയായ അമ്മയുടെ പ്രസിഡന്റും നടനുമായ മോഹന്‍ലാല്‍.
വുമണ്‍ ഇന്‍ സിനിമ കലക്ടീവി(ഡബ്ല്യൂസിസി)ലെ അംഗങ്ങള്‍ ഒരു കത്ത് നല്‍കിയിരുന്നു. കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതുകൂടി ചേര്‍ത്ത് ഒരു കത്ത് കൂടി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നശേഷം അവരെ ചര്‍ച്ചയ്ക്കു വിളിക്കുന്ന തിയ്യതി തീരുമാനിക്കും. നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തുവെന്ന് അറിയുന്ന സമയത്ത് പെട്ടെന്ന് ഒരു അവയ്‌ലബിള്‍ മീറ്റിങ്ങാണ് ചേര്‍ന്നത്. എന്താണ് ഇതിന്റെ സത്യാവസ്ഥയെന്ന് ഇപ്പോഴും അറിയില്ല. ദിലീപിനെ പുറത്താക്കണം, അംഗത്വം രാജിവയ്പിക്കണം, സസ്‌പെന്‍ഡ് ചെയ്താല്‍ മതി എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ അന്നു ണ്ടായി. അമ്മ പിളരുമെന്ന തരത്തില്‍ വരെ കാര്യങ്ങളെത്തി.ഒരുപാട് പേരെ പ്രകോപിപ്പിക്കുന്ന ആഘാതമായിരുന്നു ദിലീപിന്റെ കാര്യം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക അടക്കമുള്ള സംഘടനകളില്‍ നിന്ന് ദിലീപിനെ മാറ്റിയതോടെ അദ്ദേഹത്തെ മാറ്റിയേ പറ്റൂ എന്ന രീതിയില്‍ അമ്മയ്ക്കും തീരുമാനമെടുക്കേണ്ടിവന്നു. അതിനുശേഷമാണ് അങ്ങനെ മാറ്റാന്‍ പറ്റില്ലെന്ന് ബോധ്യപ്പെട്ടത്.
ജനറല്‍ ബോഡി ചേര്‍ന്നു മാത്രമേ ഒരാളെ നീക്കാന്‍ പറ്റൂ. പക്ഷേ, എടുത്ത തീരുമാനം അങ്ങനെ നില്‍ക്കട്ടെയെന്നും അടുത്ത ജനറല്‍ ബോഡിയില്‍ അംഗങ്ങളുടെ അഭിപ്രായം തേടാമെന്നും തീരുമാനിച്ചു. ജനറല്‍ ബോഡിയില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍, ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടില്ലല്ലോ എന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ അംഗങ്ങള്‍ ഉന്നയിച്ചു. ഇപ്പോള്‍ ആക്ഷേപം ഉന്നയിക്കുന്നവര്‍ക്ക് യോഗത്തില്‍ ചോദ്യങ്ങള്‍ എഴുന്നേറ്റുനിന്ന് ചോദിക്കാമായിരുന്നു. വിഷയം അജണ്ടയില്‍ ഉണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഒരാള്‍ പറയുന്ന രീതിയില്‍ മാത്രം സംഘടനയ്ക്കു പ്രവര്‍ത്തിക്കാന്‍ പറ്റില്ല. എല്ലാവരുടെയും അഭിപ്രായം പരിഗണിക്കണം. അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് ഡബ്ല്യൂസിസി അംഗങ്ങള്‍ക്ക് മല്‍സരിക്കാമായിരുന്നു. പാര്‍വതിക്കും മല്‍സരിക്കാമായിരുന്നു. മല്‍സരിക്കുന്നതില്‍ നിന്ന് ആരെയും തടഞ്ഞിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.സംഘടനയിലേക്ക് വരുന്നില്ലെന്നു വ്യക്തമാക്കി ദിലീപ് കത്തു നല്‍കിയിട്ടുണ്ട്. ദിലീപ് തെറ്റുകാരനല്ലെന്നു തെളിഞ്ഞാല്‍ സ്വീകരിക്കാന്‍ തയ്യാറാണ്.
ആക്രമിക്കപ്പെട്ട നടിക്ക് സഹായം ചെയ്യുന്നുണ്ട്. അവരില്‍ നിന്ന് രേഖാമൂലം ഒരു പരാതിയും കിട്ടിയിട്ടില്ല. സിനിമകളില്‍ നിന്നു മാറ്റിനിര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയും പരാതി നല്‍കിയിട്ടില്ല. ആ നടിയും രമ്യാ നമ്പീശനും മാത്രമാണ് രാജിക്കത്ത് നല്‍കിയത്. മറ്റാരുടെയും രാജിക്കത്ത് ലഭിച്ചിട്ടില്ല. യോഗത്തില്‍ നിന്നു മാധ്യമങ്ങളെ അകറ്റിനിര്‍ത്തിയത് തെറ്റായിപ്പോയെന്നാണ് തന്റെ അഭിപ്രായം. അതില്‍ താന്‍ ക്ഷമ ചോദിക്കുന്നു.  അത്തരത്തിലൊരു വീഴ്ച ഇനി ഉണ്ടാവില്ല. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

RELATED STORIES

Share it
Top