ദിലീപിനെ വെട്ടിലാക്കി സിനിമാ മേഖലയില്‍ നിന്നുള്ളവരുടെ മൊഴികള്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയായ നടന്‍ ദിലീപിനെ വെട്ടിലാക്കി ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബന്‍, സംയുക്ത വര്‍മ, ഗായിക റിമി ടോമി, സംവിധായകന്‍ ശ്രീകുമാര മേനോന്‍ എന്നിവരുടെ മൊഴികള്‍. അതേസമയം, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന്‍ ആക്രമിക്കപ്പെട്ട നടിക്കെതിരേയാണ് മൊഴി നല്‍കിയിരിക്കുന്നത്. പുറത്തുവന്നിരിക്കുന്ന ഇവരുടെ മൊഴി പകര്‍പ്പില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാവുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന മഞ്ജുവാര്യരുടെ മൊഴിയും ദിലീപിനെതിരായിരുന്നു. ദിലീപ് സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനമുള്ള വ്യക്തിയും എല്ലാ സംഘടനയുടെയും തലപ്പത്തുള്ള ആളുമാണെന്നുമാണ് കുഞ്ചാക്കോ ബോബന്‍ അന്വേഷണ സംഘത്തിനു മുമ്പാകെ പറഞ്ഞിരിക്കുന്നത്. മഞ്ജുവാര്യര്‍ ഏറെക്കാലത്തിനു ശേഷം നായികയായി അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ താനായിരുന്നു നായകന്‍. ആ സിനിമ താന്‍ ചെയ്യാന്‍ ഏറ്റ ശേഷം ദിലീപ് തന്നെ വിളിച്ചിരുന്നു. ആ സിനിമയില്‍ താന്‍ അഭിനയിക്കരുതെന്ന് ധ്വനി വരത്തക്ക വിധത്തില്‍ അദ്ദേഹം തന്നോട് സംസാരിച്ചു. അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നു വ്യക്തമായത് താന്‍ സ്വയം പിന്മാറാണമെന്നായിരുന്നു. കസിന്‍സ് എന്ന ചിത്രത്തില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ മൊഴിയില്‍ പറയുന്നു. കാവ്യ, ആക്രമിക്കപ്പെട്ട നടി, നാദിര്‍ഷ എന്നിവര്‍ക്കൊപ്പം ദിലീപ് ഷോയില്‍ അമേരിക്കയിലും പോയിരുന്നതായി ഗായിക റിമി ടോമി നല്‍കിയ മൊഴിയില്‍ പറയുന്നു. അമേരിക്കന്‍ ഷോയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പിതാവും കാവ്യയുടെ മാതാപിതാക്കളും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി അറിയാം. ഷോയുടെ അവസാന ദിവസം രാത്രി കാവ്യ മാതാപിതാക്കളുടെ അനുവാദത്തോടെ താരങ്ങളുടെ മുറിയില്‍ എത്തി. തുടര്‍ന്ന് രാത്രി ഒരു മണിയോടെ ദിലീപും മുറിയിലെത്തി. പിന്നീട് ഇവരുടെ കൂടിക്കാഴ്ചയ്ക്കു ശേഷം ദിലീപ് മടങ്ങിപ്പോയി.2012 ഫെബ്രുവരി 12ന് മഞ്ജു വാര്യരും സംയുക്ത വര്‍മയും ഗീതുമോഹന്‍ ദാസും ചേര്‍ന്ന് ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിലെത്തി ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവരോട് സംസാരിച്ച വിവരം തനിക്കറിയാം. ആക്രമിക്കപ്പെട്ട നടി തന്നെ വിളിച്ച് അമേരിക്കയില്‍ വച്ച് നടന്ന കാര്യങ്ങള്‍ മഞ്ജുവിനോട് പറയണമെന്ന് തന്നോട് പറഞ്ഞു. താന്‍ ചില കാര്യങ്ങള്‍ മഞ്ജുവിനോട് പറഞ്ഞു. ഇതേതുടര്‍ന്ന് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതായി അറിയാമെന്നും റിമി ടോമി നല്‍കിയ മൊഴിയില്‍ പറയുന്നു. മഞ്ജുവാര്യര്‍, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി തമ്മില്‍ തനിക്ക് അടുത്ത സുഹൃദ്് ബന്ധമുള്ളതായി നടി സംയുക്ത വര്‍മയുടെ മൊഴിയില്‍ പറയുന്നു. നാലഞ്ചു വര്‍ഷം മുമ്പ് ഒരു ദിവസം മഞ്ജുവാര്യരും ഗീതു മോഹന്‍ദാസും തന്റെ വീട്ടില്‍ വന്ന് ദിലീപും കാവ്യ മാധവനും തമ്മിലുള്ള മെസേജുകള്‍ മഞ്ജു വാര്യര്‍ മൊബൈല്‍ ഫോണില്‍ കണ്ടതായും ഇങ്ങനെയുള്ള മെസേജുകള്‍ അയക്കുമോയെന്നും തന്നോടു ചോദിച്ചു. അന്ന് തന്റെ അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. മഞ്ജു കാവ്യയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. അതിനുശേഷം താനും മഞ്ജുവും ഗീതുവും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍ പോയി. ദിലീപും കാവ്യയും തമ്മിലുണ്ടായിരുന്ന അടുപ്പം സംബന്ധിച്ച് കൂടുതല്‍ അറിയാവുന്നത് ആക്രമിക്കപ്പെട്ട നടിക്കായിരുന്നു. കാവ്യയും ദീലീപും തമ്മില്‍ ബന്ധം ഉണ്ടെന്നും അവര്‍ തമ്മില്‍ കാണാറുണ്ടെന്നും അവര്‍ മഞ്ജുവിനോട് പറഞ്ഞു. ഇതിനുശേഷം ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് ദേഷ്യം ഉണ്ടായെന്നും നടിക്ക് സിനിമയില്‍ പല അവസരങ്ങളും ദിലീപ് ഇല്ലാതാക്കിയെന്നും സിനിമാ മേഖലയിലെ പലരും പറഞ്ഞത് തനിക്കറിയാമെന്നും സംയുക്ത വര്‍മ്മയുടെ മൊഴിയില്‍ പറയുന്നു. മഞ്ജുവിന്റെ വളര്‍ച്ച ദിലീപിന് ദഹിക്കുമായിരുന്നില്ലെന്നാണ് പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴി. ഹൗ ഓള്‍ഡ് ആര്‍ യു സിനിമയില്‍ നിന്നു പിന്‍മാറാന്‍ ആവശ്യപ്പെട്ട് റോഷന്‍ ആന്‍ഡ്രൂസിനെയും കുഞ്ചാക്കോ ബോബനെയും ദിലീപ് വിളിച്ചിരുന്നു. കാവ്യയാണ് ദാമ്പത്യജീവിതം തകര്‍ത്തതെന്ന് മഞ്ജു തന്നോട് പറഞ്ഞിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി. അതേസമയം ദിലീപും മഞ്ജുവും തമ്മിലുള്ള പ്രശ്‌നങ്ങര്‍ക്ക് നടി കാരണമായിട്ടുണ്ടെന്നാണ് കാവ്യ മാധവന്റെ മൊഴി. താനും ദിലീപും ചേര്‍ന്നുള്ള ഫോട്ടോ മഞ്ജുവിന് നടി അയച്ചുകൊടുത്തു. 2013ല്‍ അബാദ് പ്ലാസയില്‍ നടന്ന മഴവില്ലഴകില്‍ അമ്മ പരിപാടിയുടെ പരിശീലനത്തിനിടയിലും നടി ഇത് പറഞ്ഞു. നടന്‍ സിദ്ദിഖ് ഇക്കാര്യത്തില്‍ ഇടപെടുകയും ആവശ്യമില്ലാത്ത വര്‍ത്തമാനം പറയരുതെന്നു പറയുകയും ചെയ്തു. നടിയെ ആക്രമിച്ച സുനിയെ പരിചയമില്ലെന്നും കാവ്യയുടെ മൊഴിയില്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top