ദിലീപിനെ വീണ്ടും അമ്മയിലെടുക്കുന്നതിന് എതിരേ ഡബ്ല്യൂസിസി

കൊച്ചി: യുവനടിയെ തട്ടക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ പ്രതി നടന്‍ ദിലീപിനെ ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയിലേക്ക് തിരികെ എടുക്കുന്നതിനെതിരേ മലയാള സിനിമയിലെ നടിമാരുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കലക്റ്റീവ് (ഡബ്ല്യൂസിസി) രംഗത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മയുടെ യോഗത്തിലാണ് ദിലീപിനെ വീണ്ടും അമ്മയിലേക്ക് എടുക്കാന്‍ ധാരണയിലെത്തിയത്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കിയിരുന്നു.
എന്നാല്‍, വിചാരണാ ഘട്ടത്തിലുള്ള ഒരു കേസിലെ വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വുമണ്‍ ഇന്‍ സിനിമ കലക്റ്റീവ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി.
ഇപ്പോള്‍ എടുത്ത തീരുമാനത്തിലൂടെ അതിക്രമത്തെ അതിജീവിച്ച നടിയെ വീണ്ടും അപമാനിക്കുകയാണ്. തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ അപലപിക്കുന്നുവെന്നും വുമണ്‍ ഇന്‍ സിനിമ കലക്റ്റീവ് അവള്‍ക്കൊപ്പമാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. ഇതിനു പിന്നാലെ സംവിധായകന്‍ ആഷിഖ് അബുവും രംഗത്തെത്തി. ക്രിമിനല്‍ക്കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്നതിന് മരണം വരെ സിനിമാതമ്പുരാക്കന്മാര്‍ പുറത്തുനിര്‍ത്തിയ തിലകനോട് അമ്മ മാപ്പുപറയുമായിരിക്കും, അല്ലേ എന്ന് ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

RELATED STORIES

Share it
Top