ദിലീപിനെ പുറത്താക്കി: മോഹന്‍ലാല്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നു പുറത്താക്കിയതായി പ്രസിഡന്റ് മോഹന്‍ലാല്‍. രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ഉടനെ ഒരു ജനറല്‍ ബോഡി വിളിക്കില്ല.
ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. അമ്മ സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ താന്‍ ദിലീപിനോട് രാജി ആവശ്യപ്പെടുകയും തുടര്‍ന്ന് അദ്ദേഹം രാജി നല്‍കുകയുമായിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍, നടിമാര്‍ ഡബ്ല്യൂസിസി എന്ന സംഘടന രൂപീകരിച്ച്, നടപടിയെടുക്കാത്തത്തില്‍ സംഘടനാ പ്രസിഡന്റ് എന്നതിനേക്കാളുപരി മോഹന്‍ലാല്‍ എന്ന വ്യക്തിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി. ഇതു തനിക്ക് ഒട്ടേറെ വേദനയുണ്ടാക്കി. താന്‍ എന്തിനാണ് ഇത്തരത്തില്‍ അടികൊള്ളുന്നതെന്നും ഇതേത്തുടര്‍ന്ന് താന്‍ ദിലീപിനെ ഫോണില്‍ വിളിച്ച് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. സംഘടനയില്‍ ഭിന്നാഭിപ്രായമില്ല. ജഗദീഷ് വാര്‍ത്താക്കുറിപ്പ് ഇറക്കിയതും സിദ്ദീഖ് വാര്‍ത്താസമ്മേളനം നടത്തിയതും പ്രസിഡന്റായ തന്നോട് പറഞ്ഞിട്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്നത് ചര്‍ച്ച ചെയ്യാന്‍ അടിയന്തര ജനറല്‍ ബോഡി വിളിക്കേണ്ട കാര്യമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
വനിതകളുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനുമായി അമ്മയില്‍ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍. മീടൂ കാംപയിന്റെ ഭാഗമായി നടന്‍ അലന്‍സിയറിനോട് വിശദീകരണം തേടും. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബാബുരാജിന്റെ വാട്‌സ്ആപ്പ് സന്ദേശം പുറത്തുവിട്ടതു സംബന്ധിച്ച് അന്വേഷണം നടത്തി പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കും. താന്‍ മനപ്പൂര്‍വം പേരു പറയാതെ നടിമാര്‍ എന്നു പറഞ്ഞതല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

RELATED STORIES

Share it
Top