ദിലീപിനെ പുറത്താക്കിയ നടപടി നിയമവിരുദ്ധമെന്ന് അമ്മ വാര്‍ഷിക ജനറല്‍ ബോഡിയില്‍ അഭിപ്രായം

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയില്‍ നിന്നു പുറത്താക്കിയ നടന്‍ ദിലീപ് സംഘടനയിലേക്ക് തിരിച്ചെത്തുന്നു. ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. നിര്‍വാഹക സമിതി ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ദിലീപിനെ പുറത്താക്കിയത് സാങ്കേതികമായി നിലനില്‍ക്കില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
നിയമ നടപടികള്‍ കൃത്യമായി പാലിക്കാതെയായിരുന്നു ദിലീപിനെ പുറത്താക്കിയതെന്ന നിലപാടാണ് താരസംഘടന സ്വീകരിച്ചത്. ദിലീപിനെതിരായ സംഘടനാ നടപടികളില്‍ ചട്ടം പാലിച്ചില്ലെന്നാണ് പുതിയ വിശദീകരണം. 17 അംഗ നിര്‍വാഹക സമിതിയിലെ എട്ടു പേര്‍ ചേര്‍ന്ന യോഗമാണ് ദിലീപിനെതിരേ നടപടിയെടുത്തത്. അടിയന്തര സാഹചര്യങ്ങളില്‍ അവൈലബിള്‍ കമ്മിറ്റി ചേര്‍ന്നാലും തീരുമാനങ്ങള്‍ അടുത്ത സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്ത് അക്കാര്യം വ്യക്തിയെ അറിയിച്ച് വിശദീകരണം ആവശ്യപ്പെടണം; വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കാം എന്നാണ് സംഘടനാ ചട്ടം. എന്നാല്‍, ഇത്തരം നടപടിക്രമങ്ങളൊന്നും പാലിച്ചിരുന്നില്ലെന്നും യോഗം വിലയിരുത്തി.
ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ദിലീപ് വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. യോഗത്തിന്റെ അവസാന സമയത്താണ് ദിലീപ് വിഷയം ചര്‍ച്ച ചെയ്തത്. നടി ഊര്‍മിള ഉണ്ണിയാണ് ദിലീപിനായി ആദ്യം രംഗത്തുവന്നത്. താരത്തെ പുറത്താക്കിയത് സംഘടനയുടെ നിയമാവലികള്‍ പാലിക്കാതെയാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു വാദിച്ചു. ഇത് നിയമവിരുദ്ധമാണ്. അതിനാല്‍ തന്നെ പുറത്താക്കല്‍ നിലനില്‍ക്കുന്നതല്ല. ദിലീപിന്റെ വിശദീകരണം പോലും തേടാതെ അത്തരമൊരു നടപടി സ്വീകരിച്ചത് തെറ്റായിപ്പോയെന്നും ഇടവേള ബാബു യോഗത്തില്‍ അഭിപ്രായപ്പെട്ടു. ദിലീപ് കേസിനു പോയിരുന്നെങ്കില്‍ സംഘടന ഉത്തരം പറയേണ്ടി വരുമായിരുന്നുവെന്നായിരുന്നു നടന്‍ സിദ്ദീഖിന്റെ അഭിപ്രായം.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ദിലീപിനെ താരസംഘടന അമ്മ പുറത്താക്കിയത്. കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ ദിലീപിനെ സംരക്ഷിക്കാന്‍ സംഘടനയിലെ മുതിര്‍ന്ന താരങ്ങള്‍ ശ്രമിച്ചുവെങ്കിലും പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള യുവതാരങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. താരത്തെ വീണ്ടും സംഘടനയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ വരുംദിവസങ്ങളില്‍ ഇവരുടെ നിലപാടുകള്‍ നിര്‍ണായകമായേക്കും.
അതേസമയം, വിമന്‍ ഇന്‍ സിനിമ കലക്ടീവ് പ്രവര്‍ത്തകരായ താരങ്ങള്‍ ജനറല്‍ ബോഡി യോഗത്തില്‍ നിന്നു വിട്ടുനിന്നത് ശ്രദ്ധേയമായി. ആക്രമണത്തിനിരയായ നടിക്കു വേണ്ടി വാദിച്ചിരുന്ന മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, റീമ കല്ലിങ്കല്‍, പാര്‍വതി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. നിര്‍വാഹക സമിതിയില്‍ ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, ഹണി റോസ് എന്നിവരാണ് വനിതാ സാന്നിധ്യം.
രമ്യ നമ്പീശനും കുക്കു പരമേശ്വരനുമാണ് കഴിഞ്ഞ സമിതിയിലുണ്ടായിരുന്നത്. ജയസൂര്യയെയും ആസിഫ് അലിയെയും നിലനിര്‍ത്തിയ സമിതിയില്‍ ഇന്ദ്രന്‍സ്, സുധീര്‍ കരമന, ബാബുരാജ്, ടിനി ടോം, അജു വര്‍ഗീസ്, ഉണ്ണി ശിവപാല്‍ എന്നിവരാണ് മറ്റംഗങ്ങള്‍.
2021 വരെയാണ് ഭരണസമിതിയുടെ കാലാവധി. യോഗത്തിന്റെയും ചര്‍ച്ചയുടെയും രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് ഇത്തവണ പ്രവേശനം അനുവദിച്ചില്ല. ജനറല്‍ ബോഡിക്കു ശേഷമുള്ള വാര്‍ത്താസമ്മേളനവും ഒഴിവാക്കി. തീരുമാനങ്ങള്‍ വാര്‍ത്താക്കുറിപ്പായോ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയോ അറിയിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

RELATED STORIES

Share it
Top