ദിലീപിനെ ചതിക്കാന്‍ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരുക്കിയ കെണിയെന്ന് മാര്‍ട്ടിന്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ രണ്ടാംപ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വിചാരണാ നടപടികള്‍ക്കായി കേസ് അടുത്തമാസം 11ലേക്കു മാറ്റി.
ഉപദ്രവത്തിന് ഇരയായ നടി സ്വന്തം അഭിഭാഷകനെ നിയോഗിക്കാന്‍ സമര്‍പ്പിച്ച അപേക്ഷയും അന്നു പരിഗണിക്കും. വിചാരണയ്ക്കു വനിതാ ജഡ്ജിയെ നിയോഗിക്കുക, രഹസ്യവിചാരണ നടത്തുക, നടപടികള്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതു തടയുക തുടങ്ങിയ ആവശ്യങ്ങളും നടി കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. കേസിലെ നാലാം പ്രതിയും ഒന്നാം പ്രതി സുനില്‍കുമാറിന്റെ അടുത്ത കൂട്ടാളിയുമായ കതിരൂര്‍ മംഗലശേരി വി പി വിജേഷിനു വേണ്ടി ഇന്നലെ പുതിയ അഭിഭാഷകന്‍ ഹാജരായി. ഒന്നാംപ്രതി സുനില്‍ കുമാറും പുതിയ അഭിഭാഷകനെ തേടുന്നുണ്ട്. വിജേഷിന്റെ ജാമ്യാപേക്ഷയും കോടതി പിന്നീട് പരിഗണിക്കും. മാര്‍ട്ടിന്‍ ആന്റണിയും പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നുണ്ട്. കേസിലെ നിര്‍ണായ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ ശേഷം മാത്രം പ്രതികള്‍ക്കു ജാമ്യം ലഭിക്കുന്നതാണ് ഉചിതമെന്ന ഹൈക്കോടതിയുടെ പരാമര്‍ശം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
കേസിലെ മുഖ്യപ്രതികളിലൊരാളായ നടന്‍ ദിലീപ്, അഭിഭാഷക പ്രതികളായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ ഇന്നലെ അവധി അപേക്ഷ നല്‍കി വിട്ടുനിന്നു. നടന്‍ ലാലും ശ്രീകുമാര്‍ മേനോനും രമ്യാനമ്പീശനും മഞ്ജുവാര്യരും ചേര്‍ന്ന് ദിലീപിനെ ചതിക്കാന്‍ വേണ്ടി ഒരുക്കിയ കെണിയാണിതെന്ന് കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ കോടതി വളപ്പില്‍വച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് സത്യസന്ധമായ കാര്യങ്ങളാണ് പറയാനുള്ളത്. നിരപരാധിയായ തന്നെ ഉള്‍പ്പെടെ പലരെയും ചതിച്ചതിന് പ്രതിഫലമായി മഞ്ജു വാര്യര്‍ക്ക് മുംബൈയില്‍ ഫഌറ്റും ഒടിയന്‍ എന്ന സിനിമയില്‍ വേഷവും ലഭിച്ചു. കുറേ കാര്യങ്ങള്‍ തനിക്ക് പറയാനുണ്ട് കോടതി മുമ്പാകെ താന്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കോടതിയില്‍ തനിക്ക് വിശ്വാസമുണ്ട്. കോടതിയില്‍ നിന്നു തനിക്ക് നീതി ലഭിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രതി മാര്‍ട്ടിന്‍ പറഞ്ഞു.
അതേസമയം കേസിലെ ദൃശ്യങ്ങള്‍ തേടി പ്രതിയും സിനിമാതാരവുമായ ദിലീപ് സമര്‍പ്പിച്ച ഹരജിയിലെ വാദം പൂര്‍ത്തിയായി. ഹരജി കോടതി വിധിപറയാന്‍ മാറ്റി. ദൃശ്യങ്ങള്‍ നല്‍കുന്നത് പ്രതിക്കല്ലെന്നും അഭിഭാഷകര്‍ക്കാണെന്നും ഇന്നലെ ദിലീപിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വാദിച്ചു. ഇരയുടെ സ്വകാര്യത കോടതിയുടെ ഓഫിസര്‍മാരായ അഭിഭാഷകര്‍ മാനിക്കും. നിലവില്‍ പെന്‍ഡ്രൈവിലുള്ള ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിഭാഗം അഭിഭാഷകര്‍ എട്ടുതവണ ദൃശ്യങ്ങള്‍ കണ്ടതാണ്. ഇരയുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും പോലിസ് വാദിച്ചു. ഈ വാദങ്ങളെല്ലാം കേട്ട ശേഷമാണ് കോടതി വിധി പറയാന്‍ മാറ്റിയത്.

RELATED STORIES

Share it
Top