ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് യാദൃച്ഛികമല്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു പുറത്താക്കിയ നടന്‍ ദിലീപിനെ അമ്മയിലേക്കു തിരിച്ചെടുക്കാനുള്ള തീരുമാനം നേരത്തേ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിരുന്നുവെന്ന് തെളിഞ്ഞു. കഴിഞ്ഞ ജനറല്‍ ബോഡിയില്‍ മേശപ്പുറത്തു വച്ച സംഘടനാ റിപോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമായി സൂചിപ്പിക്കുന്നു.
വിവാദങ്ങളില്‍ പ്രതിരോധത്തിലായിരിക്കുന്ന അമ്മ നേതൃത്വത്തിന് ഇരട്ടി ദുരിതം സമ്മാനിച്ചാണ് റിപോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ 26ന് കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ ദിലീപ് വിഷയം യാദൃച്ഛികമായി പരിഗണിക്കുകയായിരുന്നുവെന്ന അമ്മയുടെ നിലപാടുകളാണ് സംഘടനാ റിപോര്‍ട്ട് പുറത്തുവന്നതോടെ പൊളിഞ്ഞത്.
റിപോര്‍ട്ടിന്റെ ആറാം പേജില്‍ ദിലീപിനെതിരേയുള്ള നടപടികളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും വ്യക്തമായി പരാമര്‍ശിക്കുന്നു. 'അമ്മയുടെ അംഗമായ ദിലീപിനെ ചില പ്രത്യേക സാഹചര്യങ്ങളില്‍ അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ വച്ച് അംഗത്വം റദ്ദ് ചെയ്യാന്‍ തീരുമാനമെടുത്തു. തുടര്‍ന്നു ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഈ നടപടി മരവിപ്പിച്ചുവയ്ക്കാനും കൂടുതല്‍ നിയമസാധുതകള്‍ക്കായി തുടര്‍നടപടികളെല്ലാം വാര്‍ഷിക പൊതുയോഗത്തിന്റെ പരിഗണനയ്ക്കായി മാറ്റിവയ്ക്കുകയും ചെയ്തു' എന്നാണ് റിപോര്‍ട്ടിലുള്ളത്.
ദിലീപിന്റെ അംഗത്വം മമ്മൂട്ടിയുടെ വസതിയില്‍ ചേര്‍ന്ന അവയ്‌ലബിള്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ റദ്ദ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് ഒരു മാസത്തിനു ശേഷം ചേര്‍ന്ന എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം ഈ നടപടി മരവിപ്പിച്ചതായും ഇതോടെ വ്യക്തമായി. നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ നടനെ സംരക്ഷിക്കുന്നതിനാണ് താരസംഘടന മുന്‍തൂക്കം നല്‍കിയതെന്ന് ഈ റിപോര്‍ട്ട് വ്യക്തമാക്കുന്നു. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡിയുടെ അജണ്ടയില്‍ ഉണ്ടായിരുന്നില്ലെന്നായിരുന്നു യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞത്. യോഗത്തിനിടെ പെട്ടെന്ന് ഉന്നയിക്കപ്പെട്ടതോടെ ചര്‍ച്ച ചെയ്യുകയായിരുന്നു.
യോഗത്തില്‍ ഈ ആവശ്യം ഉന്നയിച്ച ഊര്‍മിള ഉണ്ണിയും ഇതു പല വേദികളിലും അഭിമുഖങ്ങളിലും ആവര്‍ത്തിച്ചു. യോഗം അവസാനിക്കാറായ സമയത്ത് വേദിയില്‍ ഉണ്ടായിരുന്നവര്‍ എന്തെങ്കിലും ചോദ്യം ബാക്കിയുണ്ടോയെന്ന് ആരാഞ്ഞുവെന്നും ദിലീപിനെ തിരിച്ചെടുക്കുമോ എന്നറിയാന്‍ വിഷയം വേദിയില്‍ ഉന്നയിക്കുകയുമായിരുന്നുവെന്നാണ് ഊര്‍മിള ഉണ്ണി പറഞ്ഞത്. മറ്റു പല അംഗങ്ങള്‍ക്കും ഇക്കാര്യം ചോദിക്കാന്‍ ധൈര്യമില്ലായിരുന്നു. വൈകീട്ട് ചേരുന്ന നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനമെടുക്കാമെന്ന മറുപടി ലഭിച്ചതായും പിന്നീട് ഊര്‍മിള ഉണ്ണി തന്നെ പറഞ്ഞിരുന്നു.
ദിലീപിനെ തിരിച്ചെടുക്കാന്‍ സംഘടന തീരുമാനിച്ചതോടെ അമ്മ നേതൃത്വത്തിനെതിരേ വലിയ വിമര്‍ശനങ്ങളാണ് സംഘടനയ്ക്കുള്ളില്‍ നിന്നും പൊതുസമൂഹത്തില്‍നിന്നും ഉണ്ടായത്.
പുതിയ നേതൃത്വത്തിന്റെ പക്വതയില്ലാത്ത തീരുമാനമാണിതെന്നും ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ എക്‌സിക്യൂട്ടീവ് കമ്മിറ്റി മരവിപ്പിച്ച തീരുമാനമാണ് ദിലീപിന്റെ വിഷയം എന്നു വ്യക്തമാക്കുന്ന സംഘടനാ റിപോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

RELATED STORIES

Share it
Top