ദിനേന കടലില്‍ പോവുന്നവരുടെ കണക്കുണ്ടോ: മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മല്‍സ്യത്തൊഴിലാളികളുടെ കണക്കുകള്‍ സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫിഷറീസ് വകുപ്പിന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കടലില്‍ പോവുന്ന മല്‍സ്യത്തൊഴിലാളികളുടെ കൃത്യമായ കണക്ക് സൂക്ഷിക്കുന്നതിന് ഫിഷറീസ് വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്. കടലില്‍ പോവുന്ന മല്‍സ്യത്തൊഴിലാളികളുടെ ദിശ കണ്ടെത്താന്‍ കഴിയുന്ന വെസല്‍ ട്രാക്കിങ് യൂനിറ്റും ബീക്കണ്‍ ലൈറ്റും ബോട്ടുകളില്‍ കര്‍ശനമാക്കാത്തത് എന്തുകൊണ്ടാണെന്നും കമ്മീഷ ന്‍ ആക്ടിങ്് അധ്യക്ഷന്‍ പി മോഹനദാസ് ചോദിച്ചു.
നിലവില്‍ കെല്‍ട്രോണുമായി സഹകരിച്ച് രൂപകല്‍പന ചെയ്ത വെസല്‍ ട്രാക്കിങ് യൂനിറ്റുകള്‍ മല്‍സ്യത്തൊഴിലാളികളുടെ ബോട്ടുകളില്‍ പൂര്‍ണമായി സ്ഥാപിച്ചിട്ടില്ല. ഇത്തരം ട്രാക്കിങ് യൂനിറ്റിന്റെ സഹായത്തോടെ കടലില്‍ പോവുന്ന മല്‍സ്യത്തൊഴിലാളികള്‍ എവിടെയുണ്ടെന്ന് കൃത്യമായി അറിയാന്‍ സാധിക്കും. മല്‍സ്യത്തൊഴിലാളികളുടെ കണക്ക് അറിഞ്ഞിരുന്നാല്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാമെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
മല്‍സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് നല്‍കിയിട്ടുള്ള ലൈഫ്ജാക്കറ്റും ലൈഫ്‌ബോയും ഇവര്‍ ഉപയോഗിക്കുന്നുണ്ടോ എന്നും വിശദീകരണത്തില്‍ വ്യക്തമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം ഫയല്‍ ചെയ്ത പരാതിയില്‍ ഫിഷറീസ് സെക്രട്ടറിയോടും ഡയറക്ടറോടുമാണ് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

RELATED STORIES

Share it
Top