ദിനകരന്‍ തിരിച്ചെത്തി ; ഇന്ന് ശശികലയെ കണ്ടേക്കുംചെന്നൈ: തിരഞ്ഞെടുപ്പു ചിഹ്നത്തിനു കോഴ നല്‍കിയെന്ന കേസില്‍ ജാമ്യം ലഭിച്ചു തിരിച്ചെത്തിയ അണ്ണാ ഡിഎംകെ അമ്മ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരനു ചെന്നൈയില്‍ അണികളുടെ സ്വീകരണം.  പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുമെന്ന് 44 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ചെന്നൈ അഡയാറിലെ വസതിയില്‍ തിരിച്ചത്തിയ ദിനകരന്‍ അറിയിച്ചു. അവിഭക്ത അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നത്തിനു വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനു കോഴ നല്‍കാന്‍ ശ്രമിച്ചെന്ന കേസിലാണ് ദിനകരനു ജാമ്യം ലഭിച്ചത്. കേസിനെത്തുടര്‍ന്ന് ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ജനറല്‍ സെക്രട്ടറി ശശികലക്ക് മാത്രമേ അധികാരമുള്ളൂവെന്നാണ് ദിനകരന്‍ ജയിലില്‍ നിന്നു പുറത്തുവന്ന ശേഷം പ്രതികരിച്ചത്. ഇന്നു ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ ദിനകരന്‍ ശശികലയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപോര്‍ട്ടുകളുണ്ട്. ശശികലയുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാവും ഭാവികാര്യങ്ങളെ കുറിച്ച്  തീരുമാനമുണ്ടാവുക. അതേസമയം, മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ദിനകരന്റെ ജയില്‍മോചനത്തെക്കുറിച്ച് ഒന്നും പ്രതികരിച്ചില്ല. ദിനകരന്റെ തിരിച്ചുവരവില്‍ പാര്‍ട്ടിയിലെ പളനിസ്വാമി ക്യാംപിന് ആശങ്കയുള്ളതായാണ് റിപോര്‍ട്ടുകള്‍. പാര്‍ട്ടിയിലെ കൂടുതല്‍ എംഎല്‍എമാര്‍ ദിനകരനെ പിന്തുണക്കാമെന്നും ഇത് പുതിയ പിളര്‍പ്പിനു കാരണമായേക്കാമെന്നും വിലയിരുത്തപ്പെടുന്നു.

RELATED STORIES

Share it
Top