ദാസ്യപ്പണി പോലിസില്‍ മാത്രമല്ല

കേരളത്തിലെ പോലിസ് മേധാവികളില്‍ പലരും പോലിസുകാരെയും മറ്റു ജീവനക്കാരെയും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി അടിമകളെപ്പോലെ ഉപയോഗിക്കുന്നതിനെക്കുറിച്ച ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ഉദ്യോഗസ്ഥതലങ്ങളില്‍ നിലനില്‍ക്കുന്ന യജമാന-ദാസ്യ ബോധത്തെക്കുറിച്ച ചില സാമാന്യധാരണകളൊക്കെ ജനങ്ങള്‍ക്കും ഉണ്ടായിരുന്നുവെങ്കിലും അതിന്റെ മുഖവൈകൃതം ഇത്രമേല്‍ അരോചകമാണെന്ന് നാം അറിയുന്നത് അതിന് ഇരയായ ഒരു പോലിസുകാരന്റെ വെളിപ്പെടുത്തലിലൂടെയാണ്.
എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലിസ് ഡ്രൈവറെ കൈകാര്യം ചെയ്ത സംഭവത്തെക്കുറിച്ച അന്വേഷണമാണ് നിയമപാലനത്തിന്റെ മറവില്‍ നടക്കുന്ന നിയമലംഘനത്തിന്റെ  വഴികളിലേക്ക് നമ്മുടെ ശ്രദ്ധ തിരിച്ചുവിട്ടത്. സംസ്ഥാന ഖജനാവില്‍ നിന്ന് ശമ്പളയിനത്തില്‍ പ്രതിമാസം എട്ടു കോടിയോളം രൂപ ചെലവിട്ടാണത്രേ രണ്ടായിരത്തിലേറെ പോലിസുകാരെ ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കു നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ തല്‍സംബന്ധമായി പുറത്തുവരുന്ന വിവരങ്ങള്‍ രാഷ്ട്രീയ, സാമുദായിക നേതൃത്വങ്ങളും ഉദ്യോഗസ്ഥവൃന്ദവും ഒരുപോലെ നടത്തിവരുന്ന അധികാര ദുര്‍വിനിയോഗത്തിന്റെയും ചൂഷണത്തിന്റെയും വൃത്തികെട്ട ചിത്രം അനാവരണം ചെയ്യുന്നു.
പോലിസ് വകുപ്പിലെ ദാസ്യവേലയില്‍ സങ്കടപ്പെടുന്ന മുന്‍മന്ത്രിമാര്‍, രാഷ്ട്രീയനേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഭാവനാകല്‍പിതമായ സുരക്ഷാഭീഷണിയുടെ പേരില്‍ 3000 പോലിസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. അവര്‍ക്കുള്ള മാസശമ്പള ഇനത്തില്‍ 25 കോടിയോളം രൂപ സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നു. മതപുരോഹിതന്മാരും ആത്മീയാചാര്യന്മാരും ആള്‍ദൈവങ്ങളും വലിയ ഭീഷണിയിലാണത്രേ. അമൃതാനന്ദമയിക്ക് ഇസഡ് കാറ്റഗറി സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത് നൂറിലധികം പോലിസുകാരെയാണ്.
പുരോഗമനത്തിന്റെയും മതേതരത്വത്തിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത കേരളത്തിലാണ് മനുഷ്യന്റെ മാന്യതയും അന്തസ്സും അശേഷം വിലമതിക്കാത്ത യജമാനഭാവത്തിന്റെയും അതിനു വിനീതവിധേയമാവുന്ന അടിമബോധത്തിന്റെയും അളിഞ്ഞ ശീലങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് നാം കാണുന്നത്. വിദ്യാഭ്യാസമോ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമയോ സേവന പാരമ്പര്യമോ ഒന്നുംതന്നെ ഇത്തരം സംവിധാനങ്ങളുടെ അപഹാസ്യത ബോധ്യപ്പെടാന്‍ ഉപകരിക്കുന്നില്ല. ജന്മസിദ്ധമായി മനുഷ്യരില്‍ ചിലര്‍ക്കു മഹത്വവും മറ്റു ചിലര്‍ക്ക് അധമത്വവും വിധിച്ച അമാനവികമായ ഒരു ചിന്താധാരയില്‍ അബോധമായി ഊട്ടപ്പെട്ടതായിരിക്കാം ഈ പൊതു മനോഭാവം. ജനാധിപത്യത്തിന്റെ സാധ്യതകളിലൂടെ ഇന്ത്യന്‍ അധികാരശ്രേണിയിലേക്ക് ഒളിച്ചുകടത്തപ്പെട്ട ഈ ബോധം കിട്ടാവുന്ന ഓരോ സന്ദര്‍ഭത്തിലും അതിന്റെ വൃത്തികെട്ട മുഖം വെളിപ്പെടുത്തിക്കൊണ്ടേയിരുന്നിട്ടുണ്ട്.
അതിന്റെ പല രൂപഭേദങ്ങളില്‍ ഒന്നു മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തുവരുന്ന യജമാന ദാസ്യങ്ങളും. വിഷയം കേവലം യാദൃച്ഛികമായ അധികാര ദുര്‍വിനിയോഗത്തിന്റേത് മാത്രമല്ല; അടിസ്ഥാനപരമായ സാംസ്‌കാരികതയുടേത് കൂടിയാണ്.

RELATED STORIES

Share it
Top