ദാസ്യപ്പണി: ഡെപ്യൂട്ടി കമാന്‍ഡന്റിനെതിരായ ആരോപണം വീണ്ടും അന്വേഷിക്കുന്നു; പി വി രാജുവിനെതിരേ ഉടന്‍ നടപടിയുണ്ടാവില്ല

തിരുവനന്തപുരം: ക്യാംപ് ഫോളവര്‍മാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിച്ചെന്ന പരാതിയില്‍ ഡിജിപി നടപടിക്കു ശുപാര്‍ശ ചെയ്ത എസ്എപി ക്യാംപ് ഡെപ്യൂട്ടി കമാന്‍ഡന്റ് പി വി രാജുവിനെതിരേ ഉടന്‍ നടപടിയുണ്ടാവില്ല. പരാതിയിന്‍മേല്‍ രണ്ടാമതും അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു.
പോലിസ് ആസ്ഥാനത്തെ ഐജി ജയരാജ് അന്വേഷണം നടത്തി സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു രാജുവിനെതിരേ നടപടിക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആഭ്യന്തരവകുപ്പ് അഡീ. സെക്രട്ടറിക്ക് ശുപാര്‍ശ സമര്‍പ്പിച്ചത്. എന്നാല്‍, വീണ്ടും അന്വേഷിക്കണമെന്ന നിലപാട് ആഭ്യന്തരവകുപ്പ് സ്വീകരിച്ചതോടെ രാജുവിനെ രക്ഷിക്കാനുള്ള നീക്കം ഉന്നതതലത്തില്‍ തന്നെ നടക്കുന്നതായ സംശയം ബലപ്പെട്ടിരിക്കുകയാണ്.
തനിക്കെതിരായ ആരോപണം ശരിയല്ലെന്നും വീണ്ടും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പി വി രാജു മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രി കത്ത് ചീഫ് സെക്രട്ടറിക്ക് കൈമാറി. ഈ കത്ത് പരിഗണിച്ചാണ് വീണ്ടും അന്വേഷിക്കാനുള്ള അസാധാരണ തീരുമാനം ആഭ്യന്തരവകുപ്പ് കൈക്കൊണ്ടിരിക്കുന്നത്.
തിരുവനന്തപുരം എആര്‍ ക്യാംപിലെ നാലു പോലിസുകാരെയാണ് പി വി രാജു പേരൂര്‍ക്കടയില്‍ നിര്‍മാണത്തിലിരിക്കുന്ന തന്റെ വീടിന്റെ ടൈല്‍ പാകാനായി നിയോഗിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ ക്യാംപ് ഫോളോവര്‍മാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതായ വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ഇവരെ രാജു മടക്കിയയച്ചു. ക്യാംപിലെത്തിയ പോലിസുകാര്‍ ഡിജിപിക്ക് രാജുവിനെതിരേ പരാതിയും നല്‍കി. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനോട്് ഡിജിപി റിപോര്‍ട്ടും തേടി. പരാതിയില്‍ കഴമ്പുണ്ടെന്നു കാട്ടി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് നല്‍കി. ഇതിനു പിന്നാലെയാണ് പോലിസ് ആസ്ഥാനത്തെ ഐജി ജയരാജിനെ അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ഡിജിപി നിയോഗിച്ചത്. ഐജിയുടെ റിപോര്‍ട്ടും രാജുവിനെതിരായിരുന്നു. തുടര്‍ന്നാണ് പി വി രാജുവിനെതിരേ അച്ചടക്കനടപടിക്ക് ആഭ്യന്തരവകുപ്പിനോട് ലോക്‌നാഥ് ബെഹ്‌റ ശുപാര്‍ശ ചെയ്തത്.

RELATED STORIES

Share it
Top