ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളിയുടെ വസതിയില്‍ നിന്ന് എ കെ 57 റൈഫിള്‍ പിടിച്ചെടുത്തു

മുംബൈ: ദാവൂദ് ഇബ്രാഹീമിന്റെ സംഘാംഗത്തിന്റെ വസതിയില്‍ നിന്ന് എകെ 57 റൈഫിള്‍ പിടിച്ചെടുത്തു. നയിംഖാന്റെ ഗോരെഗാവിലെ വസതിയില്‍ നിന്നാണു തോക്ക് പിടിച്ചെടുത്തത്. ഖാന്റെ ഭാര്യ യാസ്മിന്‍ നയിംഖാനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു പോലിസ് അറിയിച്ചു. ഭീഷണിപ്പെടുത്തി പണം തട്ടുന്നവര്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന താനെ പോലിസിന്റെ സ്‌ക്വാഡാണ് നയിംഖാന്റെ വസതിയില്‍ റെയ്ഡ് നടത്തിയത്. എകെ 57 റൈഫിള്‍ കൂടാതെ 9 എംഎം പിസ്റ്റളും 13 തിരകളും പിടിച്ചെടുത്തു.
മയക്കുമരുന്നു വില്‍പനക്കാരായ ജാഹിദ് സാലി ഷൗക്കത്ത് കശ്മീരി (47), സഞ്ജയ് ഷ്‌റോഫ് (47) എന്നിവരെ ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് എകെ 57 റൈഫിളിനെക്കുറിച്ച് വിവരം കിട്ടിയത്.
ഇവരെ താനെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എകെ 57 റൈഫിള്‍ ഏറെക്കാലമായി നയിംഖാന്റെ വസതിയിലുണ്ടായിരുന്നുവെന്നു പോലിസ് പറഞ്ഞു.
നയിംഖാനെ മോക്ക പ്രകാരം മുംബൈ ക്രൈംബ്രാഞ്ച് 2016ല്‍ അറസ്റ്റ് ചെയ്തിരുന്നു. അധോലോക നേതാവ് ഛോട്ടാഷക്കീലിന്റെ നിര്‍ദേശപ്രകാരം മുന്‍ ദാവൂദ് സംഘാംഗമായ ഇക്ബാല്‍ അത്തര്‍വാലയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കി എന്നാണുനയിംഖാനും മറ്റും ചിലര്‍ക്കുമെതിരായ കേസ്.
പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് സംഘം അറസ്റ്റിലാവുകയായിരുന്നു.
നയിംഖാന്‍ ഇപ്പോള്‍ വിചാരണ കാത്ത് താനെ ജയിലിലാണ്. യാസ്മിന്‍ ഖാനെ പോലിസ് ചോദ്യം ചെയ്തുവരികയാണ്.
കോടതി ഈ മാസം 11 വരെ പോലിസ് കസ്റ്റഡിയില്‍ ഇവരെ റിമാന്റ് ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top