ദാവൂദ് ഇബ്രാഹീമിന്റെ കുടുംബത്തിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി:  മുംബൈയിലെ തങ്ങളുടെ സ്വത്തുക്കള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ദാവൂദ് ഇബ്രാഹീമിന്റെ മാതാവും സഹോദരിയും നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. ദാവൂദ് ഇബ്രാഹീമിന്റെ മാതാവ് അമീനാബി കസ്‌കര്‍, സഹോദരി ഹസീന പാര്‍ക്കര്‍ എന്നിവര്‍ നല്‍കിയ ഹരജിയാണ് തള്ളിയത്.
ഈ സ്വത്തുക്കള്‍ ദാവൂദ് ഇബ്രാഹീമിന്റേതാണെന്ന് പറഞ്ഞുകൊണ്ടാണ് ഹരജി കോടതി തള്ളിയത്. മുംബൈയിലെ തങ്ങളുടെ താമസ സ്വത്തുവകകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്താണ് ഇവര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഇരുവരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഇരുവരുടെയും പേരില്‍ മൊത്തം ഏഴ് താമസ സ്ഥലങ്ങളാണുണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം ദാവൂദിന്റെ മാതാവിന്റെ പേരിലും അഞ്ചെണ്ണം സഹോദരിയുടെ പേരിലുമായിരുന്നു. കോടികള്‍ വിലമതിക്കുന്ന ഈ വസ്തുവകകള്‍ ദാവൂദ് ഇബ്രാഹീം തെറ്റായ മാര്‍ഗത്തിലൂടെ സമ്പാദിച്ചതാണെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
കള്ളക്കടത്തുകാരുടെയും വിദേശ വിനിമയ തട്ടിപ്പുകാരുടെയും സ്വത്തുകണ്ടുക്കെട്ടല്‍ നിയമ (സഫെമ) പ്രകാരം ദാവൂദ് ഇബ്രാഹീമിന്റെ വസ്തുവകകള്‍ പിടിച്ചെടുക്കാനുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഇരുവരും സുപ്രിംകോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top