ദാമ്പത്യ പനിനീര്‍പ്പൂന്തോട്ടത്തിലെ...

വെട്ടും തിരുത്തും  - പി എ എം ഹനീഫ്

കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ സഹധര്‍മിണി ഭാനുമതി ടീച്ചര്‍ അന്തരിച്ചു. കവിയെപ്പോലെ ആ മരണം അനാഥമായില്ല. കവിയുടെ ജഡം സംസ്‌കരിക്കാന്‍ വലതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വക ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലി ചോദിച്ചത് വിവാദമായിരുന്നു. ശവസംസ്‌കാരത്തിന് ആകെ പത്താളുകള്‍.
പക്ഷേ, ഭാനുമതി ടീച്ചറുടെ മരണം ആകസ്മികമായിരുന്നിട്ടു കൂടി തേക്കിന്‍കാട്ടില്‍ വലിയൊരു പുരുഷാരം എത്തിയിരുന്നു; ഇങ്ങ് കോഴിക്കോട്ടിരുന്ന് ആ ചിതയിലെ പുകച്ചുരുളുകള്‍ കണ്ട് ഞാന്‍ മനം വേവിക്കവേ.
'സുന്ദരമാമാരോമലേ സുഗന്ധോല്ലസിതമീ
നിന്‍തനു വസന്തത്തില്‍ പൂത്ത കാനനം പോലെ
ആയതില്‍ മദിക്കെ ഞാനങ്ങിങ്ങു കണ്ടേന്‍ നിന്റെ
മായികഹൃത്താം പുള്ളിമാനിന്റെ വിളയാട്ടം'-
വൈലോപ്പിള്ളി സഹധര്‍മിണിയെക്കുറിച്ച് എഴുതിയ മികച്ച വരികളാണിത്. ആ ദാമ്പത്യം അന്ത്യനാളുകളില്‍ ഏറെ വിരസമായിരുന്നു. കവിജീവിതത്തിന് ഭാനുമതിയുടെ ഉദ്യോഗവും ഗര്‍വും അത്ര രസിച്ചിരുന്നില്ല എന്നാണറിവ്. എറണാകുളത്തെ പ്രശസ്ത സവര്‍ണ കുടുംബമാണ് വൈലോപ്പിള്ളി. മാമ്പഴം എഴുതി പ്രശസ്തിയുടെ ഉത്തുംഗങ്ങളില്‍ വിഹരിക്കുന്ന കാലത്ത്, ചങ്ങമ്പുഴക്കവിത പോലും അസൂയപ്പെടുമാറ് വൈലോപ്പിള്ളി സഹ്യന്റെ മകനേക്കാള്‍ തലയെടുപ്പോടെ നില്‍ക്കവെ, ഭാനുമതി ടീച്ചര്‍ ആ കുഴഞ്ഞുമറിഞ്ഞ ജീവിതത്തിലേക്കു കടന്നുവന്നു. കണ്ണീര്‍പ്പാടം എന്ന മഹത്തായ അനുരാഗ കവിത മലയാളത്തിനു ലഭിച്ചത് അങ്ങനെയാണ്.
നര ചൂഴുന്ന ദമ്പതിമാരുടെ പ്രണയം ഇതിവൃത്തമാക്കിയുള്ള 'ഊഞ്ഞാല്‍' എന്ന കവിതയില്‍
''ഒരു വെറ്റില നൂറു
തേച്ചു നീ തന്നാലുമി
ത്തിരുവാതിര രാവു
താംബൂല പ്രിയയല്ലോ''
എന്നൊരു തേനില്‍ ചാലിച്ച വിശേഷണം കവി എഴുതിയിട്ടുണ്ട്. വെറ്റിലയില്‍ നൂറ് തേച്ചതു മറ്റാരുമല്ല; ഭാനുമതി ടീച്ചര്‍ തന്നെ.
മുതുമാവില്‍ വിരിഞ്ഞ പുതുപൂക്കളും ഉണ്ണിക്കായി കെട്ടിയ ഊഞ്ഞാലും ദമ്പതികളില്‍ മോഹങ്ങളുണര്‍ത്തി. 'ഞാന്‍ മെല്ലെ; വളരെ മെല്ലെ കല്ലോലതൈ തെന്നല്‍പോലെ നിന്നെയാട്ടാം ഊഞ്ഞാലില്‍ ഇരുത്തി' എന്നെഴുതുമ്പോള്‍ സ്വന്തം; പോരാ, എത്രയും പ്രിയപ്പെട്ട ഭാനുമതിക്ക് എന്നത് ആ കവിമുഖത്തു നിന്ന് ഞാന്‍ കേട്ടിട്ടുണ്ട്.
ഒരു ഓണക്കാലം. 1979ലാണ്. ഞാനും കവി മുല്ലനേഴിയും ആസുരമായി തല്ലി അലച്ച് കാല്‍ക്കാശ് കൈയിലില്ലാതെ കവി ശ്രീധരമേനോന്റെ ഭവനത്തിലെത്തി.
'ഇതു ചാരായഷാപ്പല്ല' എന്നാണ് സ്വാഗതമായി കവി പറഞ്ഞത്. കവിക്ക് ഏറെ പ്രിയപ്പെട്ട പപ്പടവട പത്തെണ്ണം ഞാന്‍ പൊതിഞ്ഞെടുത്തിരുന്നു.
'ആഹാ... വന്നല്ലോ, കൂടില്ലാത്ത ഒരാള്‍... കൂടുണ്ടായിട്ടും പുക്കാത്തവന്‍ ഒരാള്‍...'
മുല്ലന് വൈലോപ്പിള്ളി മാഷ് എന്നു പറഞ്ഞാല്‍ സ്വന്തം ഹൃദയമാണ്. ഓരോ ശ്വാസത്തിലും മാഷുണ്ട്. കാരണം, അത്ര ചെറുപ്പം മുതലേ വൈലോപ്പിള്ളിയുടെയും ഭാനുമതി ടീച്ചറുടെയും അകത്ത് പൊറുക്കുന്നവനാണ് മുല്ലനേഴി നീലകണ്ഠന്‍. എനിക്കോ ഇവരെല്ലാവരും; ഒഴുകിനടക്കുന്ന കാലത്ത് രക്ഷിതാക്കളും.
''ഹൈ; കുളിച്ച് വസ്ത്രം മാറി വരൂ... ആകെ മുഷിഞ്ഞ്.''
ശരിയാണ്. ആകെ മുഷിഞ്ഞിരുന്നു. ദേവസ്വം ടാപ്പില്‍ കുളിച്ചു. വൈലോപ്പിള്ളി മാഷിന്റെ എനിക്കു പാകമാവാത്ത, ഞാന്‍ ഒരിക്കലും ഇടാന്‍ ആഗ്രഹിക്കാത്ത ഹാഫ് കൈയന്‍ ഷര്‍ട്ടുമായി ടീച്ചര്‍ വരും. എന്റേത് ടീച്ചര്‍ തന്നെ കഴുകിയിടും. സമൃദ്ധമായ ഊണ്‍. വെടിവട്ടം. മുല്ലന്റെ കവിതാപാരായണം. എന്റെ ചൊല്‍ക്കാഴ്ച. ഹൊ! എത്ര സമൃദ്ധമായിരുന്നു ആ നാളുകള്‍. ഇടയ്ക്ക് ചിലപ്പോള്‍ ജി കുമാരപിള്ള സാര്‍ വരും. പോകുംവഴി എന്നെ രഹസ്യമായി വിളിക്കും. പോക്കറ്റില്‍ എന്തെങ്കിലും തിരുകും. സാര്‍ പോയിക്കഴിയുമ്പോള്‍ ഞാന്‍ പോക്കറ്റ് തപ്പും, ആവേശത്തോടെ. കേവലം അഞ്ചിന്റെ ഒരു നോട്ട്.
'കിട്ടീല്ലേ... കനത്തില്‍...'- ടീച്ചര്‍ കളിയാക്കും. ഭര്‍ത്താവിന്റെയും കുമാരപിള്ളയുടെയും ഒക്കെ പിശുക്ക് ഭാനുമതി ടീച്ചര്‍ക്കറിയാം. ഇന്ന് വിങ്ങുന്ന ഹൃദയത്തോടെ ഞാന്‍ തിരിഞ്ഞുനോക്കുന്നു. വൈലോപ്പിള്ളി ഇല്ല; ജി കുമാരപിള്ള ഇല്ല; ഇപ്പോഴിതാ ഭാനുമതി ടീച്ചറും ഇല്ല.
പക്ഷേ, എന്റെ വിതുമ്പുന്ന തരളമനസ്സ് പറയുന്നു- എല്ലാവരുമുണ്ട്. ഞാന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് പകര്‍ത്തട്ടെ:
''ഭാനുമതി ടീച്ചര്‍ പോയി. ഹൃദയം മിടിക്കുന്നു. വൈലോപ്പിള്ളി മാഷിന്റെ ഓണപ്പാട്ടുകാരി. മുല്ലനേഴിക്കും എനിക്കും തൂശനിലയില്‍ ടീച്ചര്‍ ചോറു വിളമ്പുമ്പോള്‍ 'അയാള്‍ക്ക് മാമ്പഴപ്പുളിശ്ശേരി അധികം വിളമ്പൂ, കൂടില്ലാത്ത ഭാഗ്യവാനയാള്‍' എന്നോതി ലഹരി പകരുന്ന കുരുമുളക് രസം മാഷ് എന്റെ ഇലയില്‍ കോരിയൊഴിച്ച്... വയ്യ; കണ്ണ് നനഞ്ഞു എനിക്ക്.          ി

RELATED STORIES

Share it
Top