ദാദ്രി കൊല: നീതി തേടി കുടുംബം

ന്യൂഡല്‍ഹി: വീട്ടില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ഗോസംരക്ഷകര്‍ തല്ലിക്കൊന്ന കേസിലെ വിചാരണാ നടപടികള്‍ മൂന്നുവര്‍ഷമായിട്ടും തുടങ്ങിയില്ല. കേസ് പരിഗണിക്കുന്നത് അതിവേഗ കോടതിയാണെന്നതും ശ്രദ്ധേയമാണ്. 2015 സപ്തംബര്‍ 28നാണ് 50കാരനായ അഖ്‌ലാഖിനെ വീട്ടില്‍ കയറി 19ഓളം പേര്‍ കൊലപ്പെടുത്തിയത്.
കേസിലെ പ്രതികള്‍ക്കെല്ലാം കോടതി ജാമ്യം നല്‍കിയിട്ടുണ്ട്. പ്രതികളിലൊരാളായ രൂപേന്ദ്ര റാണ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗൗതം ബുദ്ധ നഗറില്‍ നിന്നുള്ള സ്ഥാനാര്‍ഥിയാവുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
2016ല്‍ കേസ് 25 തവണ കോടതിയിലെത്തി. 2017ല്‍ 13 തവണയും. 2018ലാവട്ടെ ഏഴുതവണ കോടതി കേസ് വിളിച്ചു. പ്രതിഭാഗം അഭിഭാഷകര്‍ തുടര്‍ച്ചയായി വിടുതല്‍ അപേക്ഷ നല്‍കുന്നതിനാല്‍ കേസിലെ വിചാരണാ നടപടികള്‍ നീണ്ടുപോവുകയാണെന്ന് അഖ്‌ലാഖിന്റെ അഭിഭാഷകനായ യൂസുഫ് സൈഫി പറഞ്ഞു.
അഖ്‌ലാഖിന്റെ മകള്‍ ചൂണ്ടിക്കാണിച്ച പേരുകള്‍ മാത്രമാണ് പോലിസ് ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയതെന്നും കൂടുതല്‍ പ്രതികളെക്കുറിച്ചുള്ള തുടരന്വേഷണം പോലിസ് നടത്തിയിട്ടില്ലെന്നും അഖ്‌ലാഖിന്റെ സഹോദരന്‍ മുഹമ്മദ് ജാനും പറഞ്ഞു.

RELATED STORIES

Share it
Top