ദാദ്രി അഖ്‌ലാഖ് വധംരണ്ടര വര്‍ഷത്തിനു ശേഷവും നടപടിയില്ല

ലഖ്‌നോ: ബീഫ് കൈവശം വച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കേസില്‍ രണ്ടു വര്‍ഷത്തിനിപ്പുറവും യാതൊരു നടപടിയുമില്ലെന്ന് അഖ്‌ലാഖിന്റെ അഭിഭാഷകന്‍ യൂസുഫ് സെയ്ഫി. അഖ്‌ലാഖിന്റെ ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കുറ്റാരോപിതര്‍ക്കെതിരേ കേസുകളൊന്നും ചാര്‍ജ് ചെയ്യപ്പെട്ടിട്ടില്ലെന്നും കുറ്റാരോപിതരായ 20 പേരും ഇപ്പോഴും ജാമ്യത്തിലാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
രണ്ടര വര്‍ഷമായി ഓരോ കാരണങ്ങള്‍ പറഞ്ഞ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കൃത്യമായി കേസ് ചാര്‍ജ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചാല്‍ മാത്രമേ നടപടികളുമായി മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂവെന്നും യൂസുഫ് സെയ്ഫി വ്യക്തമാക്കി. സംഭവത്തിനു ശേഷം അഖ്‌ലാഖിന്റെ കുടുംബം എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ മകനോടൊപ്പമാണ് താമസം. സ്വന്തം ഗ്രാമത്തിലേക്കു മടങ്ങിവരാന്‍ അവര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല.
2015 ഒക്ടോബര്‍ 28നാണ് ദാദ്രിയിലെ ബിസാര ഗ്രാമത്തില്‍  ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് അഖ്‌ലാഖിനെ ഒരുകൂട്ടം ആളുകള്‍ ആക്രമിച്ചു കൊലപ്പെടുത്തിയത്. പ്രദേശത്തെ ക്ഷേത്രകമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് മുഹമ്മദ് അഖ്‌ലാഖിനെ ജനക്കൂട്ടം തല്ലിക്കൊന്നതെന്നാണ് ആരോപണം. ക്ഷേത്രത്തില്‍ നിന്നുണ്ടായ അറിയിപ്പിനു തൊട്ടുപിന്നാലെയാണ് ജനക്കൂട്ടം അഖ്‌ലാഖിന്റെ വീട്ടിലെത്തിയത്. അനൗണ്‍സ്‌മെന്റ് തീരുന്നതിനു മുമ്പുതന്നെ ഇവ ര്‍ അഖ്‌ലാഖിന്റെ വീട് ആക്രമിച്ചു. എന്നാല്‍, മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് നടത്തിയത് താനല്ലെന്നും മൂന്നംഗ സംഘം ബലമായി മൈക്ക് കൈവശപ്പെടുത്തുകയായിരുന്നുവെന്നും പൂജാരി മൊഴി നല്‍കിയിരുന്നു.

RELATED STORIES

Share it
Top