ദളവാക്കുളം ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം ഇന്ന്‌വൈക്കം: പുനര്‍നിര്‍മിച്ച ദളവാക്കുളം ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം ഇന്നു നടക്കും. ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യത്തിന് ഇതു നിര്‍മിച്ച കാലത്തോളം തന്നെ പഴക്കമുണ്ട്. നഗരത്തിലെ രൂക്ഷമായ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 2000ത്തിലാണ് ദളവാക്കുളം ബസ് ടെര്‍മിനല്‍ ആരംഭിച്ചത്. എന്നാല്‍ ഉദ്ഘാടനത്തില്‍ തന്നെയുണ്ടായ പിഴവ് ടെര്‍മിനലിനെ കാലങ്ങളോളം വേട്ടയാടി. 1999ല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ്കുട്ടി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തി 2000ല്‍ ബസ് ടെര്‍മിനല്‍ പൂര്‍ത്തിയാക്കി. ഉടന്‍തന്നെ ഉദ്ഘാടനവും നടത്തി. ഉദ്ഘാടന സമയത്ത് ടെര്‍മിനലില്‍ യാതൊരു വിധ അടിസ്ഥാന സൗകര്യവുമില്ലായിരുന്നു. ആദ്യത്തെ ഉദ്ഘാടനം എല്‍ഡിഎഫ് ഭരണസമിതിയാണ് നടത്തിയത്. 2002ല്‍ യുഡിഎഫ് ഭരണസമിതി വീണ്ടുമൊരു ഉദ്ഘാടനം നടത്തി. ഇതിനു ശേഷവും ടെര്‍മിനലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നഗരസഭയ്ക്കു കഴിഞ്ഞില്ല. പോലിസും വാഹനവകുപ്പുമെല്ലാം ഇടപെട്ടിട്ടും ഒരു പരിഹാരവുമുണ്ടായില്ല. ബസ് ടെര്‍മിനലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനു ലിങ്ക് റോഡ് അനിവാര്യമായിരുന്നു. ഇതിനായി നഗരസഭ 20 ലക്ഷം രൂപമുടക്കി പാടശേഖരം നികത്തി ലിങ്ക് റോഡ് നിര്‍മിച്ചു. പിന്നീട് ഇത് പിഡബ്ല്യൂഡിയ്ക്കു കൈമാറി. ഈ റോഡ് കാര്യക്ഷമമായ രീതിയില്‍ നിര്‍മിച്ചിട്ടും ഉപയോഗപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്കു കഴിഞ്ഞില്ല.1998ല്‍ നഗരസഭ 80 സെന്റ് ചതുപ്പ് നിലം ടെര്‍മിനല്‍ നിര്‍മാണത്തിനു വാങ്ങി. പിന്നീട് ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി ലക്ഷങ്ങള്‍ മുടക്കി പൂഴിയടിച്ച് നികത്തി. ഇതിനു ശേഷമാണ് ടെര്‍മിനല്‍ നിര്‍മാണമാരംഭിച്ചത്. ഏകദേശം രണ്ടു കോടി രൂപയോളം ഇതിനു ചെലവായി. ദീര്‍ഘവീക്ഷണമില്ലാതെയുള്ള നിര്‍മാണ ജോലികളാണ് കോടികള്‍ മുടക്കിയ പദ്ധതിക്ക് പ്രതിസന്ധിയുണ്ടാക്കിയത്. നഗരത്തിലെ തിരക്കേറിയ ഇടവഴികളില്‍ സ്വകാര്യ ബസ്സുകള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് വ്യാപക പരാതിയുയര്‍ന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സ്വകാര്യ ബസ്സുകള്‍ ദളവാക്കുളം ബസ് ടെര്‍മിനലില്‍ പാര്‍ക്ക് ചെയ്യണമെന്ന കര്‍ശന നിര്‍ദേശം വാഹന വകുപ്പ് നല്‍കിയെങ്കിലും പൂര്‍ണമായി പാലിക്കപ്പെട്ടില്ല. കോടികള്‍ മുടക്കിയ ബസ് സ്റ്റാന്‍ഡില്‍ ഗാന്ധി യൂനിവേഴ്‌സിറ്റിയുടെ ഇന്‍ഫര്‍മേഷന്‍ സെന്ററും സര്‍ക്കര്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുമെല്ലാം ആരംഭിച്ചെങ്കിലും ഒന്നും പച്ചതൊട്ടില്ല. നഗരസഭയില്‍ പുതിയ ഭരണസമിതി അധികാരത്തിലേറിയ ശേഷമാണ് സ്റ്റാന്‍ഡില്‍ ടൈലുകള്‍ പാകി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അധികാരികളുടെ ഭാഗത്തു നിന്ന് ശക്തമായ നടപടി ഉണ്ടായാല്‍ ബസ് ടെര്‍മിനല്‍ നല്ലരീതിയില്‍ ഉപയോഗ പ്രദമാക്കാന്‍ സാധിക്കും. ഇന്നു വൈകീട്ട് 4.30ന് പുനര്‍നിര്‍മിച്ച ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് നിര്‍വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ ഡി രഞ്ജിത്കുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മലാ ഗോപി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ശശിധരന്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ഇന്ദിരാദേവി, ബിജു കണ്ണേഴത്ത്, ജി ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍മാരായ അഡ്വ. വി വി സത്യന്‍, ഷിബി സന്തോഷ്, ശ്രീകുമാരി യു നായര്‍, നഗരസഭ സെക്രട്ടറി എസ് ബിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി ഷാജി  സംസാരിച്ചു.

RELATED STORIES

Share it
Top