ദലിത് ഹര്‍ത്താലിന് ജില്ലയില്‍ മികച്ച പ്രതികരണം

കല്‍പ്പറ്റ: സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്ന മുന്‍വിധികളെ അസ്ഥാനത്താക്കി ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ ജനം ഏറ്റെടുത്തു. സഹകരിക്കില്ലെന്നു വ്യാപാരി സംഘടന നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രധാന ടൗണുകളിലൊന്നും തുറന്നില്ല. ജനം ടൗണിലെത്താതായതോടെ തുറന്ന കടകള്‍ പിന്നീട് അടയ്ക്കുകയായിരുന്നു.
രാവിലെ മുതല്‍ തന്നെ മികച്ച സ്വാധീനം ചെലുത്താന്‍ ഹര്‍ത്താലിന് കഴിഞ്ഞു. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ കുറവ് മൂലം പല സര്‍വീസുകളും നിര്‍ത്തിവച്ചു. സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തിയില്ല.
സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ചില ടൗണുകളില്‍ ഓട്ടോറിക്ഷകളുള്‍പ്പെടെ ചുരുക്കം ടാക്‌സി വാഹനങ്ങള്‍ രാവിലെ സര്‍വീസ് ആരംഭിച്ചെങ്കിലും പിന്നീട് ഹര്‍ത്താലുമായി സഹകരിച്ചു. ഉച്ചയോടെ മിക്ക ടൗണുകളിലും കടകമ്പോളങ്ങള്‍ ഭൂരിഭാഗവും അടഞ്ഞുകിടന്നു. സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, പടിഞ്ഞാറത്തറ ടൗണുകളില്‍ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തി. നഗരങ്ങളിലെ ജനജീവിതം ഹര്‍ത്താലില്‍ നിശ്ചലമായി. വൈത്തിരി, ചുണ്ടേല്‍, മീനങ്ങാടി, പൊഴുതന ഭാഗങ്ങളില്‍ ഹര്‍ത്താലിന് വേണ്ടത്ര സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ലെന്നു റിപോര്‍ട്ടുണ്ട്.
സ്വകാര്യബസ്സുകള്‍ നിരത്തിലിറങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ജില്ലയില്‍ സര്‍വീസ് നടത്തിയിട്ടില്ല. ജില്ലയില്‍ എവിടെയും ഹര്‍ത്താലനുകൂലികള്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചതായോ വാഹനങ്ങള്‍ തടഞ്ഞതായോ റിപോര്‍ട്ടുകളില്ല. പടിഞ്ഞാറത്തറയില്‍ രാവിലെ ഹര്‍ത്താലനുകൂലികളുടെ നേതൃത്വത്തില്‍ ഐക്യാദാര്‍ഢ്യ പ്രകടനം നടത്തിയിരുന്നു. പോലിസ് കനത്ത സുരക്ഷയുമായി രാവിലെ മുതല്‍ തന്നെ ജില്ലയിലെ വിവിധ ടൗണുകളില്‍ നിലയുറപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഓഫിസുകളിലെയും മറ്റും ഹാജര്‍നിലയും വളരെ കുറവായിരുന്നു.
സമീപകാലത്തായി ജില്ലയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഹര്‍ത്താലെന്ന പ്രത്യേകത കൊണ്ടും ഹര്‍ത്താലിന് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

RELATED STORIES

Share it
Top