ദലിത് ഹര്‍ത്താലിനെ അനുകൂലിച്ചഅഞ്ച് പേരെ കേന്ദ്രസര്‍വകലാശാല ഹോസ്റ്റലില്‍ നിന്നു പുറത്താക്കി

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍വകലാശാലയില്‍ ദലിത് ഹര്‍ത്താലിനെ അനുകൂലിച്ച അഞ്ചു വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കി. പുറത്താക്കപ്പെട്ട അഞ്ചു വിദ്യാര്‍ഥികള്‍ ദലിത് ഹര്‍ത്താലിനായി പോസ്റ്ററുകള്‍ പതിച്ചവരും അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരുമാണ്.
ഹര്‍ത്താലിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഒരു വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ എത്താന്‍ വൈകിയതുമായുണ്ടായ പ്രശ്‌നങ്ങളാണ് പെട്ടെന്ന് സസ്‌പെന്‍ഷനിലേക്കു വരെ എത്തിയത്. മദ്യപിച്ചു ഗേള്‍സ് ഹോസ്റ്റലില്‍ വന്നു വഴക്കുണ്ടാക്കിയെന്നും സെക്യൂരിറ്റിയെ ആക്രമിച്ചെന്നും ആരോപിച്ചാണ് ഹോസ്റ്റലില്‍ നിന്ന് അഞ്ചുപേരെ പുറത്താക്കിയത്. എന്നാല്‍, വിസിക്ക് അപ്പീല്‍ നല്‍കിയപ്പോള്‍ ആ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ആക്രമിക്കപ്പെട്ടു എന്നുപറയുന്ന സെക്യൂരിറ്റി അവിടെയുണ്ടായിരുന്നില്ലെന്നു ബോധ്യപ്പെടുകയുമായിരുന്നു. ഇതേത്തുടര്‍ന്നു പഴയ ആരോപണങ്ങള്‍ ഒഴിവാക്കി ഹോസ്റ്റലില്‍ സ്ഥിരമായുണ്ടാവാറില്ല എന്ന കാരണം പറഞ്ഞു നടപടി തുടരുകയായിരുന്നു.
വ്യക്തമായ കാരണങ്ങളില്ലാതെ വിദ്യാര്‍ഥികളെ യൂനിവേഴ്‌സിറ്റികളില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും ഹോസ്റ്റലുകളില്‍ നിന്നു പുറത്താക്കുകയും ചെയ്യുന്നത് പതിവാകുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഹോസ്റ്റലിലെ പാചകക്കാരനെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടുണ്ടായ സമരത്തെ തുടര്‍ന്നാണ് സര്‍വകലാശാലയിലെ പ്രശ്‌നത്തിന് തുടക്കം. സമരം നടത്തിയ വിദ്യാര്‍ഥികള്‍ അച്ചടക്ക നടപടിയുടെ ഭീതിയിലാണ്. നിര്‍ദിഷ്ട പ്രൊ. വിസി ഡോ. കെ ജയപ്രസാദിന്റെ നേതൃത്വത്തില്‍ കാംപസിനെ കാവിവല്‍ക്കരിക്കാന്‍ അധികൃതര്‍ ശ്രമിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

RELATED STORIES

Share it
Top