ദലിത് വേട്ടയില്‍ മോദിയെ കടത്തിവെട്ടാന്‍ സിപിഎം ശ്രമം: വി എം സുധീരന്‍

തിരുവനന്തപുരം: മോദി ഭരണത്തിന്‍ കീഴില്‍ നടക്കുന്ന ദലിത് വേട്ടയ്‌ക്കെതിരേ ശക്തമായി പ്രതികരിക്കുന്നുവെന്ന് അവകാശപ്പെടുന്ന സിപിഎം അവര്‍ ഭരിക്കുന്ന കേരളത്തില്‍ ദലിത് വേട്ടയില്‍ മോദിയെ കടത്തിവെട്ടാനാണ് ശ്രമിക്കുന്നതെന്നു കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍.
സിപിഎമ്മിന്റെ ശക്തികേന്ദ്രത്തിലെ ജാതിവിവേചനത്തിനെതിരേ പോരാടി ശ്രദ്ധേയയായ ദലിത് സമൂഹത്തില്‍പെട്ട ഓട്ടോറിക്ഷാ ഡ്രൈവറായ ചിത്രലേഖയ്ക്ക് വീട് വയ്ക്കാന്‍ മുന്‍ സര്‍ക്കാര്‍ അനുവദിച്ച 5 സെന്റ് ഭൂമി തിരിച്ചെടുത്തുകൊണ്ടാണ് സിപിഎമ്മിന്റെ പുതിയ “വിപ്ലവം. അവരെ ഓട്ടോറിക്ഷ ഓടിക്കുന്നതില്‍ നിന്ന് തടഞ്ഞു. മറ്റൊരിക്കല്‍ അവരുടെ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ച്. വീട് കയറി ആക്രമിച്ചു. ചിത്രലേഖയ്ക്കും ഭര്‍ത്താവിനും നേരെ കള്ളക്കേസെടുത്തു.
പ്രശ്‌നങ്ങളും അതിക്രമങ്ങളും ധീരമായി അഭിമുഖീകരിച്ച ചിത്രലേഖ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ സമരം നടത്തി. പിന്നീട് സെക്രട്ടേറിയറ്റിലേക്ക് സമരം മാറ്റി. അതേത്തുടര്‍ന്നാണ് അന്നത്തെ സര്‍ക്കാര്‍ 5 സെന്റ് സ്ഥലം അനുവദിച്ചത്. ആ ഉത്തരവാണ് ഇപ്പോള്‍ റദ്ദാക്കിയതെന്നും വി എം സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top