ദലിത് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണം ജാതിവിവേചനമല്ല: ജി മാധവന്‍ നായര്‍

ദോഹ: ഹൈദരാബാദ് സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥി രോഹിത് വെമൂല ജീവനൊടുക്കാനിടയായ സംഭവത്തില്‍ ജാതിവിവേചനമുണ്ടെന്ന് അഭിപ്രായമില്ലെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായര്‍. ആ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്. ഞാന്‍ മനസിലാക്കിയത്, മരിച്ച വിദ്യാര്‍ഥിക്ക് പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ്. കോളജ് മാനേജ്‌മെന്റുമായി സംഘര്‍ഷങ്ങളുണ്ടായിരുന്നു. വീട്ടിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് മനസിലാവുന്നത്. അതിന്റെയൊക്കെ പരിണിതഫലമായിട്ടാണ് ഈ സംഭവമുണ്ടായത്. കുട്ടികള്‍ എല്ലാത്തിലും ഒന്നാം സ്ഥാനത്തെത്തണമെന്നൊക്കെയുള്ള സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. അതിനാല്‍, സര്‍വകലാശാലകളില്‍ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് പോലുള്ള നടപടികളാണ് വേണ്ടതെന്നും മാധവന്‍ നായര്‍ ദോഹയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്‌കൂളുകളിലായാലും കോളജിലായാലും വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയം പാടില്ലെന്നാണ് തന്റെ അഭിപ്രായം. വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയം വേണമെന്നുണ്ടെങ്കില്‍ പൊളിറ്റിക്കല്‍ സയന്‍സ് എടുത്ത് പഠിക്കാവുന്നതാണ്. അതല്ലാതെ തെരുവിലിറങ്ങി പ്രകടനം നടത്തുന്നതും കല്ലെറിയുന്നതുമൊന്നും ആവശ്യമല്ല. മറ്റ് രാജ്യങ്ങളിലെല്ലാം പഠനവും ഗവേഷണവും മാത്രമേ കാമ്പസുകളില്‍ കാണാനാവുകയുള്ളൂ. ഇന്ത്യയില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ്. ഹിന്ദുക്കളല്ലാത്ത ആളുകളുടെയിടയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് ഹിന്ദുത്വമാണ് കാരണമെന്ന് വരുത്തിവെക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഒരു സമൂഹമാവുമ്പാള്‍ എല്ലാ വിഭാഗത്തിനും പ്രശ്‌നങ്ങള്‍ ഉണ്ടാവും.
130 കോടി ജനങ്ങള്‍ വസിക്കുന്ന രാജ്യത്ത് ചെറിയ വിഭാഗത്തിന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, ക്രമസമാധാന പ്രശ്‌നമാണെങ്കില്‍ നിയമപരമായും രാഷ്ട്രീയമാണെങ്കില്‍ അങ്ങനെയും പരിഹരിക്കുകയാണ് വേണ്ടത്.
അസഹിഷ്ണുത ഉണ്ടെന്ന് പറഞ്ഞുനടക്കുന്നത് തന്നെ ഒരുതരം അസഹിഷ്ണുതയാണ്. ചെറിയ കാര്യങ്ങളുണ്ടാവുമ്പോള്‍ പെട്ടെന്ന് പ്രതികരിക്കേണ്ട കാര്യമില്ല. ചില രാഷ്ട്രീയ കക്ഷികള്‍ പ്രേരിപ്പിക്കുന്നതിനാലാവാം ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാവുന്നത്. അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്ന എഴുത്തുകാര്‍ക്ക് ആത്മാര്‍ഥതയുണ്ടെന്ന് തോന്നുന്നില്ല. പ്രശസ്തിക്ക് വേണ്ടി മാത്രം ചെയ്യുന്നതാണത്.
മാധ്യമങ്ങള്‍ മോശം കാര്യങ്ങള്‍ മാത്രം ഉയര്‍ത്തിക്കാണിക്കുകയാണ്. നല്ല കാര്യങ്ങളൊന്നും പറയുന്നില്ല. അതിനാലാണ് ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് ഇന്ത്യയില്‍ മോശം കാര്യങ്ങള്‍ മാത്രമാണ് നടക്കുന്നുവെന്ന ധാരണയാണുണ്ടാവുന്നത്. നെഹ്‌റുവിനും ഇന്ദിര ഗാന്ധിക്കും വാജ്‌പേയിക്കും ശേഷം രാജ്യത്തെ നയിക്കുന്ന ദീര്‍ഘദൃഷ്ടിയുള്ള നേതാവാണ് നരേന്ദ്ര മോദി. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒലീവ് പബ്ലിക് സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ജി. മാധവന്‍ നായര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ മാനേജ്‌മെന്റ് പ്രതിനിധി ജൂട്ടസ് പോള്‍, പ്രിന്‍സിപ്പല്‍ എ ജെ. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top