ദലിത് വനിത സ്‌കൂളില്‍ പാചകം ചെയ്യുന്നത് തടഞ്ഞു

കോയമ്പത്തൂര്‍: സ്‌കൂളിലെ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതില്‍ നിന്ന് ദലിത് വനിതയെ തടഞ്ഞു. സവര്‍ണരുടെ സമ്മര്‍ദം മൂലം അവരെ സ്ഥലം മാറ്റുകയും ചെയ്തു. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലാണു സംഭവം. രണ്ടു കൊല്ലം മുമ്പാണ് ദലിത് വനിതയായ പി പാപ്പലിന് ഒച്ചംപാളയം ഗ്രാമത്തിലെ സ്‌കൂളില്‍ പാചകക്കാരിയായി നിയമനം ലഭിച്ചത്.
അവര്‍ ദലിത് വനിതയായതിനാല്‍ നിയമനത്തില്‍ സവര്‍ണ ഗൗണ്ടര്‍ സമുദായക്കാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചെന്ന് പോലിസ് പറഞ്ഞു. അവരെ സ്ഥലംമാറ്റാന്‍ ഗൗണ്ടര്‍മാരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അധികൃതരില്‍ സമ്മര്‍ദം ചെലുത്തി. ഇതേത്തുടര്‍ന്ന് ഒരാഴ്ച മുമ്പ് അവരെ തിരുമലഗൗണ്ടന്‍പാളയം ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തിലേക്ക് സ്ഥലം മാറ്റി.
എന്നാല്‍, സംഭവം വിവാദമായി. ഒരുവിഭാഗം ആളുകള്‍ സ്‌കൂള്‍ തുറക്കുന്നതില്‍ നിന്ന് മാനേജ്‌മെന്റിനെ തടഞ്ഞു. വിഷയം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസിലെത്തി.
അദ്ദേഹം പാപ്പലിന്റെ സ്ഥലംമാറ്റം റദ്ദാക്കി പഴയ സ്‌കൂളില്‍ വീണ്ടും നിയമിച്ചു. എന്നാല്‍, പാപ്പല്‍ തിരുമലഗൗണ്ടന്‍പാളയം സ്‌കൂളില്‍ തുടരാനാണ് പ്രശ്‌നത്തില്‍ ഇടപെട്ട ജില്ലാ സബ് കലക്ടര്‍ ശ്രാവണ്‍കുമാര്‍ ഉത്തരവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗൗണ്ടര്‍ സമുദായത്തിലെ നിരവധിപേര്‍ക്കെതിരേ പോലിസ് കേസെടുത്തു.
ചില ജില്ലാ ഉദ്യോഗസ്ഥരെ ദേശീയ പട്ടികജാതി കമ്മീഷന്‍ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു. തിരുപ്പൂര്‍ കലക്ടര്‍, പോലിസ് സൂപ്രണ്ട്, മുഖ്യ വിദ്യാഭ്യാസ ഓഫിസര്‍ എന്നിവര്‍ ഈ മാസം 30ന് പട്ടികജാതി ദേശീയ കമ്മീഷന്‍ ഉപാധ്യക്ഷന്‍ എന്‍ മുരുകന്‍ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണം.

RELATED STORIES

Share it
Top