ദലിത് വനിതയുടെ നിയമനത്തിന് കോടതി ഉത്തരവ്

ചെന്നൈ: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ജനറേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പറേഷനില്‍ (ടിഎഎന്‍ജിഇഡിസിഒ) ദലിത് യുവതിയെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി നിയമിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഉദ്യോഗാര്‍ഥിയുടെ യോഗ്യതാ പരീക്ഷയും മികച്ച സേവനത്തിന് രാഷ്ട്രപതിയില്‍ നിന്നു ലഭിച്ച അവാര്‍ഡുകളും നിയമനത്തിനു പരിഗണിക്കണമെന്നു കോടതി നിര്‍ദേശിച്ചു.
അസിസ്റ്റന്റ് എന്‍ജിനീയര്‍ സ്ഥാനത്തേക്ക് പരാതിക്കാരിയേക്കാളും കുറവ് മാര്‍ക്കുള്ളവരെ പരിഗണിച്ചതും കോടതി ചൂണ്ടിക്കാട്ടി. നാലാഴ്ചയ്ക്കുള്ളില്‍ പരാതിക്കാരിയെ കമ്പനിയില്‍ നിയമിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കന്യാകുമാരി സ്വദേശിയായ ആര്‍ പ്രിയദര്‍ശിനിയുടെ പരാതിയിലാണ് ജസ്റ്റിസ് ടി രാജയുടെ ഉത്തരവ്.
2015 ഡിസംബര്‍ 28ന് ടിഎഎന്‍ജിഇഡിസിഒ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ 273 ഒഴിവുകളാണുണ്ടായിരുന്നത്. ഇതില്‍ 48 ഒഴിവുകള്‍ പട്ടികജാതിക്കാര്‍ക്കുള്ളതാണ്. പരാതിക്കാരിക്ക് ഇന്റര്‍വ്യൂവിന് ലഭിച്ചത് 29.28 മാര്‍ക്കാണ്. സംവരണ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടത് 26.29 മാര്‍ക്കാണ്. തന്നേക്കാള്‍ കുറവ് മാര്‍ക്ക് നേടിയവര്‍ക്ക് നിയമനം ലഭിച്ചിട്ടും തനിക്ക് കോര്‍പറേഷന്‍ നിയമന ഉത്തരവ് നല്‍കിയില്ലെന്നു യുവതി പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top