ദലിത് യുവാവിന് പോലിസ് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐക്കാരുടെ മര്‍ദ്ദനം

കുമരകം: കരിയില്‍ കോളനിയില്‍ നിന്നു കുമരകം പോലിസ് സ്റ്റേഷനിലെത്തിച്ച ദലിത് യുവാവിനെ മര്‍ദ്ദിക്കാന്‍ ഡിവൈഎഫ്‌ഐക്കാര്‍ക്ക് അവസരം നല്‍കിയെന്നും സ്റ്റേഷന്റെ ഉള്ളില്‍ കയറ്റി മര്‍ദ്ദിച്ചിട്ടും പോലിസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ച് സിഎസ്ഡിഎസിന്റെ നേതൃത്വത്തില്‍ കുമരകം പോലിസ് സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ അക്രമണത്തോടനുബന്ധിച്ച് സംരക്ഷണം നല്‍കാനായി പോലിസ് സ്റ്റേഷനില്‍ കൊണ്ടുവന്ന പൊങ്ങലക്കരി താഴത്തറ ഷിജോയെ (42) ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തില്‍ സ്റ്റേഷനിലുള്ളില്‍ വച്ച് മര്‍ദ്ദിച്ചെന്നാണ് ആരോപണം. കരിയില്‍ പാലം നിര്‍മാണത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റാണ് സംഘര്‍ഷത്തിനു കാരണം. തിങ്കളാഴ്ച വൈകീട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ മനോജിനെ പിന്നില്‍ നിന്ന ആക്രമിച്ചു പരിക്കേല്‍പ്പിച്ചതോടെയാണു സംഭവങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് സിഎസ്ഡിഎസ് ഓഫിസ് ഒരു സംഘം ആക്രമിച്ച് തകര്‍ത്തു.പോക്കുംതറ തങ്കമ്മ കുഞ്ഞച്ചന്, കപ്പടച്ചിറ സുഭദ്രാജോസ്, വിന്‍സെന്റ് തോമസ് തുടങ്ങിയ സിഎസ്ഡിഎസ് അനുഭാവികളെ മര്‍ദ്ദിച്ചു. ദലിതരെ ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ 11ന് കരീപാലത്തില്‍ നിന്ന് 150 ഓളം സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തിയത്. പോലിസ് സ്റ്റേഷന്‍ കവാടത്തിന് 50 മീറ്റര്‍ ആകലെ അട്ടിപ്പീടിക റോഡില്‍ പോലിസ് ബാരിക്കേഡ് വെച്ച് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് സിഎസ്ഡിഎസ് സംസ്ഥാന സെക്രട്ടറി ജോസ് പനച്ചിക്കാട് ധര്‍ണ ഉദ്ഘാടനം ചെയ്തു. പിആര്‍ഒ പ്രവീണ്‍ വി ജെയിംസ്, യൂത്ത് വിഭാഗം പ്രസിഡന്റ് ഷൈജു സോമനാഥ് സംസാരിച്ചു. ഡിവൈഎസ്പി സഖറിയാ മാത്യു, വെസ്റ്റ് സിഐ നിര്‍മല്‍ ബോസ്, ഈസ്റ്റ് സി ഐ സാജു വര്‍ഗീസ്, ഈരാറ്റുപേട്ട സിഐ സനല്‍കുമാര്‍, മണിമല സിഐ സുനില്‍ കുമാര്‍, അയര്‍ക്കുന്ന എസ്‌ഐ അനില്‍കുമാര്‍, കുമരകം എസ്‌ഐ ജി രജന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 500 അധികം പോലിസ് ഉദ്യോഗസ്ഥര്‍ ക്രമസമാധനപാലത്തിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top