ദലിത് യുവാവിന്റെ വിവാഹം: വരന്‍ കുതിരപ്പുറത്ത് കയറുന്നത് സവര്‍ണര്‍ തടഞ്ഞു

അഹ്മദാബാദ്: സവര്‍ണ ജാതിയില്‍പ്പെട്ട യുവാക്കള്‍ ദലിത് യുവാവിനെ കുതിരപ്പുറത്തു കയറാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നു വിവാഹം മണിക്കൂറുകളോളം വൈകി. അഹ്മദാബാദിലെ പരാസ ഗ്രാമത്തിലാണു സംഭവം.
ദലിത് യുവാവിന്റെ വിവാഹ ആവശ്യത്തിനായി ഒരുക്കിനിര്‍ത്തിയ കുതിരയെ സവര്‍ണ യുവാക്കള്‍ കൈക്കലാക്കുകയും വരനെ കുതിരപ്പുറത്തു കയറാന്‍ അനുവദിക്കാതിരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡിഎസ്പിയുടെ നേതൃത്വത്തിലുള്ള പോലിസ് സേന എത്തിയാണു സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പോലിസെത്തിയതോടെ സവര്‍ണ യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്നു പോലിസ് സംരക്ഷണത്തിലാണു വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചില്ലെന്നു പോലിസ് പറഞ്ഞു.
ഉത്തരേന്ത്യയില്‍ വിവാഹത്തോടനുബന്ധിച്ച് വധൂവരന്‍മാര്‍ കുതിരപ്പുറത്തും കുതിരവണ്ടികളിലും സഞ്ചരിക്കുന്നതു സാധാരണമാണ്. ഇരുവരുടെയും കുടുംബാംഗങ്ങള്‍ ഇവരെ അനുഗമിക്കും. മ്യൂസിക് ബാന്‍ഡുകളും വെടിക്കെട്ടുകളും ഇതോടൊപ്പം ഉണ്ടാവാറുണ്ട്.

RELATED STORIES

Share it
Top