ദലിത് യുവാവിനെ പോലിസ് മര്‍ദ്ദിച്ചതായി പരാതിചവറ: ദലിത് യുവാവിനെ ചവറ പോലിസ് മര്‍ദ്ദിച്ചതായി പരാതി. പന്മന കോലം വടശ്ശേരി കോളനിയില്‍  സോമന്റെ മകന്‍ കണ്ണന്‍ (25) ആണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച്ച രാത്രി 7.30 ന് പോലിസ് വീട്ടിലെത്തി യാതൊരു കാരണവുമില്ലാതെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു എന്ന് യുവാവ് പറഞ്ഞു. മര്‍ദ്ദനത്തില്‍ യുവാവിന്റെ പുറത്തും കാലിനും പരിക്കേറ്റു. കണ്ണന്റെ വീടിന് സമീപത്ത് നടന്ന വീടുകയറി അക്രമവുമായി ബന്ധപ്പെട്ടാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്ന് പോലിസ് പറയുന്നു. ലാത്തിയും ബൂട്ടുമുപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ പരിക്കേറ്റ കണ്ണനെ മണിക്കൂറുകളോളം സ്‌റ്റേഷനില്‍ നിര്‍ത്തിയെന്നും പരാതിയുണ്ട്. പിന്നീട് വീട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് നീണ്ടകര താലൂക്കാശുപത്രിയില്‍ എത്തിച്ചത്.എന്നാല്‍ പരാതിയുള്ള  അക്രമക്കേസുമായി ബന്ധപ്പെട്ട് യുവാവിനെ ചോദ്യം ചെയ്തു വിട്ടയക്കുകയായിരുന്നെന്നും മര്‍ദ്ദിച്ചുവെന്നത് അടിസ്ഥാന രഹിതമാണെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top