ദലിത്- മുസ്്‌ലിം പീഡനത്തിന് അറുതി വേണം; പ്രധാനമന്ത്രിക്ക് ചേരമാന്‍ മസ്ജിദില്‍നിന്ന് തുറന്ന കത്ത്

കൊടുങ്ങല്ലൂര്‍: രാജ്യത്തെ ദലിതര്‍ക്കും മുസ്്‌ലിംകള്‍ക്കും എതിരായ പീഡനങ്ങള്‍ക്ക് അറുതി വരുത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാമന്ത്രി നരേന്ദ്രമോഡിക്ക് രാജ്യത്തെ ആദ്യ ജുമാമസ്ജിദില്‍ നിന്ന് തുറന്ന കത്ത്. കത്തിലെ പ്രസക്ത ഭാഗങ്ങള്‍- ‘ആദരണീയനായ ഇന്ത്യന്‍ പ്രധാനമന്ത്രി,
ഇന്ത്യാ മഹാ രാജ്യത്തില്‍ ദലിത് മത ന്യൂനപക്ഷങ്ങള്‍ അങ്ങയുടെ ഭരണത്തിന്‍ കീഴില്‍ അപകടകരമായ അവസ്ഥയിലാണെന്ന് അങ്ങേക്ക് ഉത്തമ ബോധ്യമുണ്ടല്ലോ. അങ്ങയുടെ ഭീതിതമായ അജണ്ടകള്‍ മാറ്റി വെച്ച് ഇന്ത്യയുടെ ബഹുസ്വരതക്ക് താങ്ങായും തണലായും നില്‍ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ന്യൂനപക്ഷ-ദലിത് വേട്ടകള്‍ക്ക് അറുതി വരുത്താന്‍ അടിയന്തിരമായി ഇടപെടണമെന്ന് ഇന്ത്യയിലെ ആദ്യ ജുമാ മസ്ജിദായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് മഹല്ല് അംഗങ്ങള്‍ വിനീതമായി അപേക്ഷിക്കുന്നു. ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കേണ്ട ഈ മഹാ രാജ്യത്തെ രക്തപങ്കിലമാക്കരുതെന്നും കാലം കാത്തു സൂക്ഷിച്ച രാജ്യത്തിന്റെ സഹിഷ്ണുതയ്ക്ക് ഭംഗം വരുത്തരുതെന്നും ഞങ്ങള്‍ക്ക് അപേക്ഷയുണ്ട്’.
ജമ്മുവില്‍ എട്ടുവയസ്സുകാരി ക്രൂരമായി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് മഹല്ല് നിവാസികളുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയ ദ്രുവീകരണ ശ്രമങ്ങളെ തടയാന്‍ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് 6208 പേര്‍ ഒപ്പുവച്ച കത്തില്‍ ആവശ്യപ്പെടുന്നു.
പള്ളിയങ്കണത്തില്‍ നടന്ന ഒപ്പു ശേഖരണ ചടങ്ങില്‍ ചേരമാന്‍ ജുമാമസ്ജിദ് പ്രസിഡന്റ് ഡോ. മുഹമ്മദ് സഈദ്, കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top