ദലിത് മുന്നേറ്റങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം അപലപനീയം: പോപുലര്‍ ഫ്രണ്ട്ന്യൂഡല്‍ഹി: കള്ളക്കേസില്‍ പെടുത്തി അറസ്റ്റ് ചെയ്തും പീഡിപ്പിച്ചും ഭീം ആര്‍മി പോലുള്ള നവ ദലിത് മുന്നേറ്റങ്ങളെയും നേതാക്കളെയും അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍ അപലപിച്ചു. ജാതീയമായ അതിക്രമങ്ങള്‍ക്കെതിരെയും നൂറ്റാണ്ടുകളായി വ്യവസ്ഥാപിതമായി നിഷേധിക്കപ്പെടുന്ന മാന്യവും സുരക്ഷിതവുമായ ജീവിതത്തിനുള്ള മൗലികാവകാശത്തിനുമായി പോരാടുന്ന ദലിത് പ്രസ്ഥാനങ്ങള്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ദലിതര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ മുമ്പില്ലാത്തവിധം വര്‍ധിച്ചിരിക്കുകയാണ്. മേല്‍ജാതിക്കാരായ മതഭ്രാന്തരില്‍ നിന്നും ഗോസംരക്ഷക ഗുണ്ടാ സംഘങ്ങളില്‍ നിന്നും മാത്രമല്ല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും ദലിതുകള്‍ അങ്ങേയറ്റത്തെ പീഡനവും വിവേചനവും അനുഭവിക്കുന്നുണ്ട്.   രോഹിത് വെമുലയുടെ അനുഭവം ഇതാണ് തെളിയിക്കുന്നത്. പരമ്പരാഗത ദലിത് നേതാക്കളും പ്രസ്ഥാനങ്ങളും രാഷ്ട്രീയ കക്ഷികളും ഗൗരവമേറിയ ഇത്തരം പ്രശ്‌നങ്ങളെ ശരിയായ വിധം നേരിടുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. അതിനാല്‍ സാമൂഹികനീതിക്കായുള്ള പോരാട്ടവും ഏറെ കാലമായി ഉപേക്ഷിച്ചിരിക്കുന്നു. അവരില്‍ ചിലരാവട്ടെ ദലിത് ജനതയെ വഞ്ചിച്ച് സ്വാര്‍ഥ നേട്ടങ്ങള്‍ക്കു വേണ്ടി ഭരണപക്ഷത്തിന്റെ പിണിയാളായിക്കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നവ ദലിത് ചെറുത്തുനില്‍പ്പ് മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവന്നത്.  ജാതിവിവേചനത്തിന്റെ ചതുപ്പുനിലത്ത് ഗുജറാത്തിലെ ജിഗ്‌നേഷ് മെവാനി, ഉത്തര്‍പ്രദേശിലെ ചന്ദ്രശേഖര്‍ ആസാദ്, തുടങ്ങിയ പുതുതലമുറ ദലിത് നേതാക്കള്‍ക്കു ദലിത് സമൂഹത്തിനിടയില്‍ പ്രതീക്ഷാകിരണങ്ങളായി സ്വീകാര്യത ലഭിക്കുന്നു. ബിജെപി മാത്രമല്ല, ബ്രാഹ്മണാധിപത്യ സ്വാധീനമുള്ള മതനിരപേക്ഷ കക്ഷികള്‍ പോലും ദലിത് സ്വത്വത്തെയും സാമൂഹിക, രാഷ്ട്രീയ സംരംഭങ്ങളെയും തകര്‍ക്കാന്‍ ശ്രമം നടത്തുന്നുമുണ്ട്. പിന്തിരിപ്പന്‍ ശക്തികളുടെയും ഭരണവര്‍ഗങ്ങളുടെയും കുതന്ത്രങ്ങള്‍ തകര്‍ക്കുന്നതിന് ദലിത്, ന്യൂനപക്ഷങ്ങളുടെയും പൗരാവകാശ ഗ്രൂപ്പുകളുടെയും വിശാലസഖ്യം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇ അബൂബക്കര്‍ ഊന്നിപ്പറഞ്ഞു. കഴിഞ്ഞദിവസം യുപിയില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെയും പ്രവര്‍ത്തകരുടെയും അറസ്റ്റ് തുടരുന്ന ജാതീയതയുടെയും ഷോവനിസ്റ്റ് ശക്തികളുടെയും അഴുക്കുപുരണ്ട രാഷ്ട്രീയ കുടിപ്പകയുടെ ഭാഗമാണ്. അടിസ്ഥാനരഹിത ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് അവരെ ഉടനെ മോചിപ്പിക്കണമെന്ന് ഇ അബൂബക്കര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top