ദലിത് ബന്ധു എന്‍ കെ ജോസ് നവതിയുടെ നിറവില്‍

നിഷാദ്  എം  ബഷീര്‍

കോട്ടയം: അടിച്ചമര്‍ത്തപ്പെടുന്നവരുടെ നാവും ശബ്ദവുമായി മാറിയ ചരിത്രപണ്ഡിതന്‍ ദലിത് ബന്ധു എന്‍ കെ ജോസ് നവതിയുടെ നിറവില്‍. തന്റെ എഴുത്തുജീവിതത്തിലുടനീളം കേരളത്തിലെ സാംസ്‌കാരികരംഗത്ത് എന്‍ കെ ജോസ് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. കൃത്യമായ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് ഇക്കാലയളവില്‍ 140ലധികം ചരിത്ര-സാമൂഹിക ഗ്രന്ഥങ്ങളാണ് അദ്ദേഹം രചിച്ചത്. ദലിത് ക്രൈസ്തവ ചരിത്രപണ്ഡിതനായ അദ്ദേഹം കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായിരുന്നു. 1990ല്‍ ദലിത് സംഘടനകളാണ് ദലിത് ബന്ധു എന്ന ആദരനാമം നല്‍കിയത്. പില്‍ക്കാലത്ത് അത് തന്റെ തൂലികാനാമമാക്കുകയായിരുന്നു ജോസ്. വൈക്കം താലൂക്കിലെ വെച്ചൂരില്‍ 'നമശിവായം' എന്ന കത്തോലിക്കാ കുടുംബത്തില്‍ 1929 ഫെബ്രുവരി 2നു കുര്യന്‍-മറിയാമ്മ ദമ്പതികളുടെ മകനായി ജനനം. ചേര്‍ത്തല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം. തേവര സേക്രഡ് ഹാര്‍ട്ട്‌സ്, സെന്റ് ആല്‍ബര്‍ട്‌സ് എറണാകുളം എന്നിവിടങ്ങളിലായിരുന്നു കോളജ് വിദ്യാഭ്യാസം. പഠനകാലത്തുതന്നെ ജോസ് കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ആശയങ്ങളില്‍ തല്‍പരനായിരുന്നു. വൈക്കം മുഹമ്മദ് ബഷീറുമായുള്ള സമ്പര്‍ക്കം കാര്യമായ സ്വാധീനം ചെലുത്തി. 23ാം വയസ്സില്‍ 'മുതലാളിത്തം ഭാരതത്തില്‍' എന്ന ആദ്യ ഗ്രന്ഥം രചിച്ചു. കോളജ് വിദ്യാഭ്യാസത്തിനു ശേഷം വാര്‍ധയിലെ ഗാന്ധി ആശ്രമത്തില്‍ ഗാന്ധിയന്‍ ചിന്തയിലും സോഷ്യലിസ്റ്റ് പഠനത്തിലും ഏര്‍പ്പെടാനായി തിരഞ്ഞെടുക്കപ്പെട്ടു. പില്‍ക്കാലത്ത് ഗാന്ധിയെ ജോസ് അതിനിശിതമായി വിമര്‍ശിച്ചു. റാം മനോഹര്‍ ലോഹ്യ, വിനോബ ഭാവെ, ജയപ്രകാശ് നാരായണ്‍ എന്നീ സോഷ്യലിസ്റ്റ് ആചാര്യന്‍മാരായിരുന്നു രാഷ്ട്രീയ ഗുരുക്കന്‍മാര്‍. കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് പക്ഷത്തുനിന്ന് ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും മാറി. പിഎസ്പി സംസ്ഥാന ഭാരവാഹിയായിരുന്ന കാലത്ത് പാര്‍ട്ടി തിരുവിതാംകൂറിലെ ഭരണമുന്നണിയിലായിരുന്നു. മാര്‍ത്താണ്ഡത്ത് നടന്ന പോലിസ് വെടിവയ്പ് അഖിലേന്ത്യാതലത്തില്‍ പാര്‍ട്ടി പിളരാനും ജോസ് സജീവ രാഷ്ട്രീയം ഉപേക്ഷിക്കാനും നിമിത്തമായി. 1960കളില്‍ കേരള കത്തോലിക്കാ കോണ്‍ഗ്രസ്സില്‍ സംസ്ഥാനതല പദവികള്‍ പലതും വഹിച്ചു. ആ സമയത്ത് അംബേദ്കറുടെ ജീവചരിത്രം വായിച്ചതോടെ താന്‍ അന്വേഷിക്കുന്നത് അംബേദ്കറിസമാണെന്നു തിരിച്ചറിഞ്ഞു. 1983ല്‍ കത്തോലിക്കാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിടവാങ്ങി മുഴുസമയ ദലിത് ചരിത്ര ഗവേഷകനായി മാറി. പരമ്പരാഗത ചരിത്രവും തലമുറകളായി പുലര്‍ത്തിപ്പോരുന്ന ധാരണകളും പൊളിച്ചെഴുതുന്നവയായിരുന്നു ജോസിന്റെ കൃതികള്‍. നസ്രാണി സീരീസ്, ദലിത് സീരീസ് എന്നിവയാണ് പ്രശസ്തമായ രണ്ടു ഗ്രന്ഥപരമ്പരകള്‍. കേരള ക്രൈസ്തവര്‍ ബ്രാഹ്മണരില്‍ നിന്നു മതപരിവര്‍ത്തനം ചെയ്തവരാണെന്ന വിശ്വാസം സഭാനേതാക്കന്‍മാരുടെ സങ്കല്‍പസൃഷ്ടിയാണെന്ന് ജോസ് തുറന്നടിച്ചു. പുരാതന കേരളത്തിലെ ജൂതരില്‍ നിന്നാണ് നസ്രാണികളുടെ ഉദ്ഭവം എന്ന പുത്തന്‍ ആശയത്തെയും അദ്ദേഹം ഖണ്ഡിച്ചു. കേരളത്തിലെ ആദിമ ക്രൈസ്തവര്‍ ഇന്നാട്ടിലെ ആദിവാസികള്‍ തന്നെയായിരുന്നുവെന്നും ജാതിവ്യവസ്ഥിതി നിലവിലില്ലാത്ത കാലത്തായിരുന്നു പരിവര്‍ത്തനങ്ങള്‍ നടന്നതെന്നുമാണ് ജോസിന്റെ വാദം. പില്‍ക്കാലത്ത് ജാതിവ്യവസ്ഥിതിയില്‍ നിന്നു മോചനം തേടി ദലിത്-അവശവിഭാഗങ്ങള്‍ സംഘടിതമായി ക്രിസ്തുമതം സ്വീകരിച്ചുവെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു.

RELATED STORIES

Share it
Top