ദലിത് കുട്ടികളെ നഗ്നരാക്കി മര്‍ദിച്ച സംഭവം: പ്രതിഷേധം കനക്കുന്നു

ജല്‍ഗാവ്/മഹാരാഷ്ട്ര: ഉയര്‍ന്ന ജാതിക്കാരന്റെ കുളം ഉപയോഗിച്ചെന്നാരോപിച്ച് മഹാരാഷ്ട്രയില്‍ ദലിത് കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ഗുജറാത്തില്‍ നിന്നുള്ള ദലിത് നേതാവ് ജിഗ്നേഷ് മേവാനി, പ്രകാശ് അംബേദ്കര്‍ തുടങ്ങി നിരവധി നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപിയും ആര്‍എസ്എസും പ്രചരിപ്പിക്കുന്ന വിദ്വേഷരാഷ്ട്രീയത്തിനെതിരേ ശബ്ദമുയര്‍ത്തണമെന്നാണ് സംഭവത്തെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ഉയര്‍ന്ന ജാതിക്കാര്‍ക്ക് സംവരണം ചെയ്ത കുളം ഉപയോഗിച്ചതാണ് കുട്ടികള്‍ ചെയ്ത ഏക തെറ്റെന്നും രാഹുല്‍ പറഞ്ഞു.സംസ്ഥാന കോണ്‍ഗ്രസ് എംഎല്‍എ അബ്ദുല്‍ സത്താറിന്റെ നേതൃത്വത്തിലുള്ള കോ ണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുട്ടികളുടെ വീട് ശനിയാഴ്ച സന്ദര്‍ശിച്ചു. കുട്ടികളുടെ ബന്ധുക്കളെ കേസ് പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും അല്ലാത്തപക്ഷം പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു. പ്രദേശത്തു നിന്നുള്ള എംഎല്‍എയും സംസ്ഥാന ജലവിഭവ മന്ത്രിയുമായ ഗിരീഷ് മഹാജനും ശനിയാഴ്ച പ്രദേശം സന്ദര്‍ശിച്ചിട്ടുണ്ട്. കുറ്റക്കാരെ ശിക്ഷിക്കണമെന്ന് സാമൂഹികപ്രവര്‍ത്തകനായ പ്രകാശ് അംബേദ്കര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജാതിയുടെ പേരില്‍ ജനങ്ങളോട് വിവേചനം കാണിക്കുന്നുണ്ടെന്നും ദുര്‍ബല വിഭാഗങ്ങളോടുള്ള സര്‍ക്കാരിന്റെ മനോഭാവം മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 10ന് മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ വക്കാദിയിലാണു സംഭവം. ചൂടു കൂടിയതിനെ തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കുളത്തിലിറങ്ങി നീന്തുകയായിരുന്ന രണ്ടു കുട്ടികളെ കുളത്തില്‍ നിന്നു കയറ്റി സ്ഥലമുടമയും മറ്റു ചിലരും മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനു ശേഷം കുട്ടികളെ നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തുകയും ചെയ്തു. സംഭവം ഗ്രാമീണരിലൊരാ ള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലിടുകയായിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങള്‍ അതിവേഗം പ്രചരിച്ചതോടെ പോലിസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലമുടമ ഈശ്വര്‍ ജോഷി, ഇയാളുടെ ജോലിക്കാരന്‍ പ്രഹ്ലാദ് ലോഹര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. ലെതര്‍ ബെല്‍റ്റ് ഉപയോഗിച്ച് കുട്ടികളെ ക്രൂരമായി മര്‍ദിച്ചതിന്റെ പാടുകള്‍ ഇവരുടെ ശരീരത്തിലുണ്ട്.

RELATED STORIES

Share it
Top