ദലിത് ഉയിര്‍ത്തെഴുന്നേല്‍പ്

അഡ്വ. ജി സുഗുണന്‍
നമ്മുടെ രാജ്യത്തെ ദലിതരുടെയും പിന്നാക്കക്കാരുടെയും സ്ഥിതി വളരെ ശോചനീയമായി ഇപ്പോഴും തുടരുകയാണ്. ജാതീയമായ ഉച്ചനീചത്വവും അതിന്റെ അടിസ്ഥാനത്തിലുള്ള ചൂഷണവും ഇന്ത്യയില്‍ മധ്യകാലത്തെ ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതിയോടെയാണ് സാര്‍വത്രികമായത്. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ അര്‍ധ ഫ്യൂഡലിസ്റ്റ് വ്യവസ്ഥയാണ് ഇന്നും നിലനില്‍ക്കുന്നത്. ഫ്യൂഡലിസം ലോകത്തൊട്ടാകെ മുതലാളിത്ത സാമൂഹിക വ്യവസ്ഥയിലേക്ക് വഴിമാറിയെങ്കിലും ഇന്ത്യയില്‍ അത് ഉണ്ടായില്ല. മഹാരാഷ്ട്രയിലും ഗുജറാത്തിലും മാത്രമല്ല, പുരോഗമന പ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിച്ച കേരളത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലുമൊക്കെ ഫ്യൂഡലിസ്റ്റ് സാമൂഹിക വ്യവസ്ഥ ചില സ്ഥലങ്ങളിലെങ്കിലും ഇപ്പോഴും നിലനില്‍ക്കുകയാണെന്നത് ഒരു യാഥാര്‍ഥ്യം മാത്രമാണ്. രാജ്യത്ത് നിലവിലുള്ള ഫ്യൂഡലിസവുമായി ഇന്ത്യന്‍ ഭരണവര്‍ഗം സന്ധി ചെയ്തിരിക്കുകയാണ്. മുതലാളിത്തവും ഫ്യൂഡലിസവും സന്തത സഹചാരികളായി ഈ രാജ്യത്ത് അനുസ്യൂതമായി മുന്നോട്ടുപോകുന്ന ചിത്രമാണ് കാണാന്‍ കഴിയുന്നത്. നിലവിലുള്ള ഇന്ത്യന്‍ ഫ്യൂഡലിസത്തെ താലോലിക്കുന്ന കാര്യത്തില്‍ മുന്‍ ഭരണാധികാരികളായ കോണ്‍ഗ്രസ്സും മോശമല്ലായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ ഫ്യൂഡലിസത്തോട് താല്‍പര്യം ബിജെപിക്കും അതിന്റെ ഭരണകൂടത്തിനുമാണ്. ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ഫ്യൂഡലിസം നിലനില്‍ക്കണമെന്നാണ് ഇവരുടെ കാഴ്ചപ്പാട്. ഭീമ കോരേഗാവ് എന്ന ഗ്രാമം ചരിത്രത്തില്‍ ഇടം തേടുന്നത് ബാജിറാവു രണ്ടാമന്റെ നേതൃത്വത്തിലുള്ള പേഷ്വാ സൈന്യത്തെ 1818 ജനുവരി 1ന് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പട്ടാളം കീഴ്‌പെടുത്തിയതോടെയാണ്. അന്നു മുതല്‍ എല്ലാ വര്‍ഷവും ഈ യുദ്ധത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച ദലിതരായ മഹര്‍ സമുദായം യുദ്ധവിജയ ദിനം ആചരിച്ചുവരുകയുമാണ്. പേഷ്വാ ഭരണത്തില്‍ ദലിതര്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലായിരുന്നു. ദലിതര്‍ നടന്നുപോകുന്ന വഴികള്‍ ശുദ്ധമാക്കാന്‍ ചൂല്‍ അവരുടെ ശരീരത്തില്‍ തന്നെ കെട്ടിയിട്ടിരുന്നു. ഭരണാധികാരികളുടെ ഈ കടുത്ത അനീതിക്കെതിരേ ദലിതര്‍ അവിടെ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയോടൊപ്പം കൈകോര്‍ത്തതില്‍ ഒരു തെറ്റും കാണാന്‍ കഴിയുകയുമില്ല. ബ്രാഹ്മണ മേധാവിത്വത്തെ കടപുഴക്കി ബ്രിട്ടിഷ് ആധിപത്യത്തിനു ശില പാകിയ യുദ്ധം. കേവലം 500 പോരാളികള്‍ 2800 സൈനികരെ പോരാടി തോല്‍പിച്ച ധീരസ്മരണയാണിത്. 1818 ജനുവരി 1നു ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറാത്തക്കാരിലെ പേഷ്വാ വിഭാഗവുമായി ഉണ്ടായ യുദ്ധമാണ് കോരേഗാവ് യുദ്ധം എന്നറിയപ്പെടുന്നത്. 1817ല്‍ ഡിസംബര്‍ 31നു തുടങ്ങി 2018 ജനുവരി 1ന് അവസാനിച്ച യുദ്ധം. ബ്രിട്ടിഷുകാര്‍ക്കായിരുന്നു ജയം. മറാത്തികളെ തോല്‍പിച്ച ബ്രിട്ടിഷ് സേനയില്‍ ദലിത് വിഭാഗക്കാരുടെ ശക്തമായ പട്ടാള യൂനിറ്റും പങ്കാളികളായിരുന്നു. ഭീമ കോരേഗാവ് യുദ്ധത്തിലെ ബ്രിട്ടിഷ് സൈനികര്‍ മഹര്‍ അഥവാ ദലിതരായിരുന്നു. മറാത്താ സാമ്രാജ്യത്തോട് പോരാടി ജയിച്ച ദലിത് സൈനികരുടെ ഓര്‍മ പുതുക്കുന്ന ദിനമാണ് ജനുവരി 1. 1927 ജനുവരി 1ന് ഡോ. ബി ആര്‍ അംബേദ്കര്‍ ഇവിടെയുള്ള സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ദലിത് സമൂഹം എല്ലാ പുതുവര്‍ഷത്തിലും ഇവിടെ ഒത്തുകൂടി ഈ സ്മരണ പുതുക്കും. അന്നത്തെ പോരാളികള്‍ക്കുള്ള അഭിവാദ്യമായി ഇന്ത്യന്‍ കരസേനയില്‍ ഇന്ന് മഹര്‍ റെജിമെന്റുമുണ്ട്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്ക്കപ്പുറത്ത് മനുഷ്യരായി പോലും മഹറുകളെ പരിഗണിക്കാതിരുന്ന കാലമുണ്ട്. ജനിച്ച നാട്ടിലെ ഈ അടിമത്തത്തിനെതിരേ മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു മഹറുകളുടെ പോരാട്ടം. ഈ യുദ്ധവിജയത്തിന്റെ 200ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടയിലാണ് മറാത്താ ഭൂമിയില്‍ ഇപ്പോള്‍ മറ്റൊരു വലിയ സംഘര്‍ഷം കൂടി ഉണ്ടായിരിക്കുന്നത്. ഭീമ കോരേഗാവ് യുദ്ധവാര്‍ഷികവുമായി ബന്ധപ്പെട്ട് മറാത്ത-ദലിത് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ മഹാരാഷ്ട്രയില്‍ സാമുദായിക കലാപത്തിനു വഴിയൊരുക്കി പുതുവല്‍സര ദിനമായ കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. കോരേഗാവ് യുദ്ധവിജയത്തിന്റെ 200ാം വാര്‍ഷികത്തില്‍ ദലിത് വിഭാഗക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് മറാത്താ വിഭാഗക്കാര്‍ ഇരച്ചുകയറി ആക്രമണം നടത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് റിപോര്‍ട്ട്. വന്‍ നാശനഷ്ടങ്ങളാണ് പ്രക്ഷോഭം മൂലം ഉണ്ടായിരിക്കുന്നത്. സാധാരണ ജുഡീഷ്യല്‍ അന്വേഷണമാണ് ഈ സംഭവത്തെ സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെങ്കില്‍ സ്വീകരിക്കില്ലെന്ന നിലപാടുമായി ബി ആര്‍ അംബേദ്കറുടെ പൗത്രന്‍ പ്രകാശ് അംബേദ്കര്‍ രംഗത്തെത്തി. ബോബെ ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയെത്തന്നെ അന്വേഷണത്തിനു നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദലിത് റാലിക്കെതിരേ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ മഹാരാഷ്ട്ര സംസ്ഥാനം നിശ്ചലമായി. ഗതാഗതം പൂര്‍ണമായി നിലച്ചു. പലയിടത്തും ആക്രമണങ്ങള്‍ ഉണ്ടായി. ട്രെയിന്‍ ഗതാഗതത്തെയും ബന്ദ് സാരമായി ബാധിച്ചു. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ സ്‌കൂളുകളും ഹോട്ടലുകളും ബാങ്കുകളും അടക്കമുള്ള സ്ഥാപനങ്ങളെല്ലാം സ്തംഭിച്ചു. സ്‌കൂള്‍ബസ്സുകളും നിരത്തിലിറങ്ങിയില്ല. ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. നഗരത്തിലെ പ്രധാന മേഖലകള്‍ കേന്ദ്രീകരിച്ച് ദലിത് സംഘടനാ പ്രവര്‍ത്തകര്‍ വന്‍ റാലികള്‍ സംഘടിപ്പിച്ചു. പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു. ക്രമസമാധാന പരിപാലനത്തിനായി മുംബൈയില്‍ മാത്രം 21,000 പോലിസുകാരെ നിയോഗിച്ചിരുന്നു. മറാത്താ വിഭാഗക്കാരുടെ ആക്രമണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. രണ്ടു ഹിന്ദു നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ബന്ദ് പിന്‍വലിച്ചത്. 250ല്‍പരം ദലിത് സംഘടനകള്‍ ഈ വന്‍ പ്രതിഷേധത്തില്‍ അണിനിരന്നു. സംഘര്‍ഷം അഴിച്ചുവിട്ട സംസ്ഥാന ഹിന്ദു അഗാഡി നേതാവ് മിലിന്ദ് യഗ്‌ബോടെ, ശിവ്പ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ നേതാവ് സാംബാജി ബിഡെ എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ യാക്കൂബ് മേമനു തുല്യമായി പരിഗണിക്കണമെന്ന് ബന്ദ് ആഹ്വാനം പിന്‍വലിക്കുന്നതായി അറിയിച്ച പ്രകാശ് അംബേദ്കര്‍ ആവശ്യപ്പെട്ടു. പ്രകടനത്തില്‍ പങ്കെടുത്ത 300 പേരെയും അനേകം വിദ്യാര്‍ഥികളെയും പോലിസ് തടങ്കലിലാക്കി. ദലിതരെ ആക്രമിച്ചു പരിക്കേല്‍പിക്കുകയും വാഹനങ്ങള്‍ തീയിടുകയും ചെയ്തു. ഹിന്ദുത്വശക്തികളുടെ നേതൃത്വത്തില്‍ നടന്ന അതിക്രമങ്ങളെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധം സംസ്ഥാനത്തുണ്ടായി. ഈ സമരത്തില്‍ പങ്കെടുത്ത ഗുജറാത്ത് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിക്കും ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനുമെതിരേ പോലിസ് കേസെടുത്തു. മേവാനി പങ്കെടുക്കാനിരുന്ന പരിപാടിക്ക് പോലിസ് അനുമതി നിഷേധിച്ചു. അഖിലേന്ത്യാ വിദ്യാര്‍ഥി ഉച്ചകോടി-2018നാണ് അനുമതി നിഷേധിച്ചത്. എന്നാല്‍, വിലക്ക് വകവയ്ക്കാതെ പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികളെ തടവിലാക്കിയ പോലിസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. പോലിസ് നടപടിയെ എന്‍സിപി എംഎല്‍സി വിദ്യ ചവാന്‍ വിമര്‍ശിച്ചു. കലാപത്തിനു നേതൃത്വം നല്‍കിയ വലതുപക്ഷ നേതാക്കളായ സംഭാജി, ഭീഡെയ്ക്ക്, മിലിന്ദ് യക്‌ബോതേ എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരേയുള്ള ചെറുത്തുനില്‍പാണ് മുംബൈയില്‍  ദലിത് വിഭാഗങ്ങള്‍ നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ദലിത് വിഭാഗങ്ങള്‍ എന്നും സമൂഹത്തിന്റെ താഴേത്തട്ടില്‍ കഴിയണമെന്നാണ് ബിജെപിയും ആര്‍എസ്എസും ആഗ്രഹിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ഇതിനിടെ ദലിത് വേട്ടയുമായി ബന്ധപ്പെട്ട് ഫഡ്‌നാവിസിനെ കുറ്റപ്പെടുത്തി ശിവസേനയും രംഗത്തെത്തി. ഭരണസംവിധാനത്തെയും പോലിസിനെയും ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ നേരിടുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ശിവസേന മുഖപത്രം സാമ്‌ന എഴുതി. ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കഴിവുകേട് വ്യക്തമാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. സാമൂഹിക സുരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനെപ്പറ്റി സര്‍ക്കാരിന് അറിവ് ഉണ്ടാകണം. പുതുവല്‍സര ദിനത്തില്‍ പൂനെയില്‍ തുടങ്ങിയ ആക്രമണസംഭവങ്ങളില്‍ നിന്നു മഹാരാഷ്ട്ര സംസ്ഥാനം ഇനിയും മോചിതമായിട്ടില്ല. ചാതുര്‍വര്‍ണ്യം പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന ഭരണവര്‍ഗത്തിനു ഭരണഘടനയിലെ സമത്വ ആശയത്തോടുതന്നെ പുച്ഛമാണ്. ഗുജറാത്തിലെ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തി. ദലിത്-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പാണ് ഈ തിരഞ്ഞെടുപ്പിലും കാണാന്‍ കഴിഞ്ഞത്. രാജ്യത്തൊട്ടാകെ ദലിതരുടെ നിലനില്‍പിനു വേണ്ടിയുള്ള പോരാട്ടം                       ശക്തിപ്പെടുകയാണ്.                                  ി(ലേഖകന്‍ സിഎംപി പോളിറ്റ് ബ്യൂറോ അംഗമാണ്.)

RELATED STORIES

Share it
Top