ദലിത് അധ്യാപകന് പോലിസിന്റെ ക്രൂരമര്‍ദനം

ആലപ്പുഴ: ദലിത് അധ്യാപകനെ വിദ്യാര്‍ഥികള്‍ക്കു മുമ്പി ല്‍ നിന്ന് പിടിച്ചുകൊണ്ടുപോയി വീയപുരം പോലിസ് തല്ലിച്ചതച്ചു. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ വൈകീട്ട് ബലം പ്രയോഗിച്ച് ആശുപത്രിയില്‍ നിന്നു കൊണ്ടുപോയി. ആലപ്പുഴ ജില്ലയില്‍ ചെറുതന പഞ്ചായത്തില്‍ ആനാരി കയ്യാലത്ത് വീട്ടില്‍ ഷാജി(44)യാണ് ഭീകര പോലിസ് മര്‍ദനത്തിന് ഇരയായത്. “ദലിത്-മുസ്‌ലിം ഐക്യം വളര്‍ത്താന്‍ നടക്കുകയാണോടാ’ എന്നു ചോദിച്ചാണ് പോലിസ് ക്രൂരമായി മര്‍ദിച്ചതെന്ന് ഷാജിയുടെ ബന്ധുക്കള്‍ പറഞ്ഞു.
പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഈ പ്രദേശത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഷാജി നല്‍കിയിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അലങ്കോലമാക്കാന്‍ സംഘപരിവാര പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം വാക്കുതര്‍ക്കത്തിലും ഉന്തിലും തള്ളിലും കലാശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വീയപുരം പോലിസ് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് അന്നുതന്നെ ജാമ്യത്തില്‍ വിട്ടിരുന്നു.
ആയാപറമ്പ് ഗവ. ഹൈസ്‌കൂളിലെ കായിക അധ്യാപകനാണ് ഷാജി. ഇന്നലെ രാവിലെ 8 മണിയോടെ സ്‌കൂളിലെത്തി വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനിടെ എത്തിയ വീയപുരം പോലിസ് കഴിഞ്ഞ ആഴ്ച നടന്ന സംഘര്‍ഷത്തില്‍ ഷാജി എസ്‌ഐയെ തല്ലിയെന്നാരോപിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. സ്‌റ്റേഷനില്‍ എത്തിയ ഉടനെ ഒരു പോലിസുകാരന്‍ നീ ദലിത്-മുസ്‌ലിം ഐക്യം വളര്‍ത്താന്‍ നടക്കുകയാണോടാ എന്ന് ചോദിച്ചു ഭീകരമായി മര്‍ദിച്ചുവത്രേ. ഈ പോലിസു കാരന്‍ സംഘപരിവാര അനുഭാവിയാണെന്ന് ഷാജിയുടെ സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു.
കഴുത്തിനും നട്ടെല്ലിനും സാരമായ ക്ഷതം പറ്റിയ ഷാജി പോലിസ് സ്‌റ്റേഷനില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് 11 മണിയോടെ പോലിസ് തന്നെ ഇദ്ദേഹത്തെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അവശനായ ഷാജിക്ക് മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട ബന്ധുക്കളെ ബലം പ്രയോഗിച്ച് നീക്കി രാത്രി എട്ടോടെ വീണ്ടും ഇയാളെ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
വൃദ്ധനായ പിതാവും രണ്ടു പിഞ്ചുകുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് ഷാജി.

RELATED STORIES

Share it
Top