ദലിതര്‍ക്ക് അയിത്തം കല്‍പിച്ച പ്രദേശം കലക്ടര്‍ സന്ദര്‍ശിച്ചു; വീഡിയോ ഗണ്‍മാന്‍ പിടിച്ചുവാങ്ങി

കാസര്‍കോട്്: ദലിതര്‍ക്ക് അയിത്തം കല്‍പിച്ച ബെള്ളൂര്‍ പഞ്ചായത്തിലെ പൊസോളിഗ പ്രദേശം ജില്ലാ കലക്്ടര്‍ സന്ദര്‍ശിച്ചു. ഇന്നലെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് പ്രദേശം ജില്ലാ കലക്്ടര്‍ കെ ജീവന്‍ബാബു സന്ദര്‍ശിച്ചത്. ബിജെപി ഭരിക്കുന്ന ബെള്ളൂര്‍ പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളില്‍പെട്ട പൊസോളിഗെയിലെ 78 കുടുംബങ്ങള്‍ താമസിക്കുന്ന ദലിത് കോളനിവാസികള്‍ക്കാണ് പ്രദേശവാസിയായ ജന്മി വഴിനിഷേധിക്കുന്നത്.
അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വൃദ്ധയെ ഡിസ്ചാര്‍ജ് ചെയ്ത് ആംബുലന്‍സില്‍കൊണ്ടുവന്ന് ജന്മിയുടെ സ്ഥലത്തിനടുത്ത് നിര്‍ത്തി വഴിയില്ലാത്തതിനാല്‍ ചുമന്നുകൊണ്ട്് പോയിരുന്നു. 78ഓളം കുടുംബങ്ങള്‍ നടക്കാനൊരു പൊതുവഴിക്കായി നിരന്തരമായ പോരാട്ടത്തിലായിരുന്നു. എന്നാല്‍ ജന്മി ദലിതര്‍ക്ക് മതിയായ വഴിയോ റോഡോ അനുവദിക്കുന്നില്ല.
കോളനികളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോലും റോഡും വഴിയുമില്ലാത്തതിനാല്‍ ചുമന്നാണ് കൊണ്ടുപോകുന്നത്. 90 ഏക്കറോളം സ്ഥലമാണ് സ്വാമി എന്നറിയപ്പെടുന്ന ജന്മിയുടെ കൈവശമുള്ളത്. കോളനിയിലേക്ക് റോഡിന് സ്ഥലം അനുവദിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കലക്്ടര്‍ സ്ഥലത്തെത്തിയപ്പോള്‍ കോളനിവാസികള്‍ ഒന്നടങ്കം തങ്ങള്‍ക്ക് റോഡും വഴിയും വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കോളനിയിലെ 80 വയസുള്ള ലീല എന്ന വൃദ്ധ ഈ ആവശ്യം ഉന്നയിച്ച് കലക്്ടറുടെ കാല്‍ക്കല്‍ വീണു. ഇത് സിപിഎം നാട്ടക്കല്‍ ബ്രാഞ്ച് സെക്രട്ടറി ഹമീദ് മൊബൈലില്‍ പകര്‍ത്തി. പിന്നീട് കലക്ടറുടെ ഗണ്‍മാന്‍ ഇത് പിടിച്ചുവാങ്ങി നശിപ്പിച്ചതായും ആക്ഷേപമുണ്ട്.

RELATED STORIES

Share it
Top