ദലിതര്‍ക്ക് അയിത്തം കല്‍പിച്ച് അതിര്‍ത്തി മേഖല; ഇവര്‍ക്കും വേണം നടക്കാനൊരു പൊതുവഴി

ബദിയടുക്ക: ദലിതര്‍ക്ക് അയിത്തം കല്‍പിച്ച് അതിര്‍ത്തി മേഖല. വഴിനടക്കാനോ രോഗം വന്ന് കിടപ്പിലായവരെ ആശുപത്രിയില്‍ എത്തിക്കാനോ വാഹനം കടന്നുവരാനുള്ള സഞ്ചാരയോഗ്യമായ റോഡില്ലാത്തതുമൂലം ബെള്ളൂര്‍ പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളിലെ ജനങ്ങള്‍ ദുരിതത്തിലാണ്. 90 ഏക്കറോളം സ്ഥലം സ്വന്തമായി കൈവശം വച്ച ബ്രാഹ്മണനായ സ്വാമിയുടെ വാശിയാണ് ദലിതര്‍ക്ക് ദുരിതമാകുന്നത്.
ബെള്ളൂര്‍ പഞ്ചായത്തിലെ പട്ടികജാതി കോളനി ഉള്‍പ്പെടുന്ന പൊസോളിഗയിലെ 78 കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ഇന്നും സഞ്ചാരയോഗ്യമായ റോഡില്ല. പൊസോളിഗെ പട്ടികജാതി കോളനിയിലേക്ക് എത്തിപ്പെടണമെങ്കില്‍ ജന്മിയായ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുകൂടി പോകണം. റോഡ് നിര്‍മിക്കുന്നതിന് ഇവിടത്തെ ജന്മിയായ സ്വാമി അനുവാദം നല്‍കുന്നില്ല. ഉന്നതകുലജാതനായ സ്വാമി പരിസരത്തെ ദലിതര്‍ക്ക് നടന്നുപോകാന്‍ പോലും വഴി നല്‍കുന്നില്ലെന്നാണ് പരാതി.
ബെള്ളൂര്‍ പഞ്ചായത്തിലെ തോട്ടദമൂലയില്‍ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന സീതു(60)വിനെ ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടുവന്ന് ആംബുലന്‍സില്‍ നിന്ന് ഇറക്കി വീട്ടിലെത്തിച്ചത് ചുമന്നുകൊണ്ടാണ്. മാസങ്ങള്‍ക്കു മുമ്പ് ഇതേ കോളനിയില്‍ പാമ്പുകടിയേറ്റ് ചികില്‍സ ലഭിക്കാതെ 28കാരനായ ദലിത് യുവാവ് മരിച്ചു. വൈകീട്ട് 6 മണിയോടെ സ്വാമിയുടെ തോട്ടത്തില്‍ വച്ചാണ് യുവാവിനു പാമ്പുകടിയേറ്റത്.
എന്നാല്‍, ചികില്‍സയ്ക്ക് കൊണ്ടുപോകാന്‍ ദലിതനായതിനാല്‍ വാഹനം ലഭിച്ചില്ല. വൈകീട്ട് 7.30ഓടെ നാട്ടുകാര്‍ ചുമന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും യുവാവ് മരിച്ചിരുന്നു. യഥാസമയം വാഹനസൗകര്യം ലഭിച്ചിരുന്നുവെങ്കില്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് കോളനിവാസികള്‍ പറയുന്നു. ആറു മാസം മുമ്പ് ഇതേ കോളനിയിലെ മത്താടി എന്നയാള്‍ മരണപ്പെട്ടിരുന്നു. മൃതദേഹം ചുമന്നാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിച്ചത്.
ബിജെപി ഭരിക്കുന്ന പഞ്ചായത്താണ് ബെള്ളൂര്‍. ദലിതരോട് അയിത്തം കാണിക്കുന്ന നിരവധി പേര്‍ ഈ ഭാഗങ്ങളിലുണ്ട്. തങ്ങള്‍ക്ക് ഗതാഗത സ്വാതന്ത്ര്യം വേണമെന്നാണ് കോളനിവാസികളുടെ ആവശ്യം.

RELATED STORIES

Share it
Top