ദലിതരുടെ ഭക്ഷണം നിരസിച്ച ബിജെപി നേതാക്കള്‍ക്കെതിരേ സിദ്ധരാമയ്യമൈസൂരു: ദലിതര്‍ പാകം ചെയ്ത ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച ബിജെപി നേതാക്കളെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ചിത്രദുര്‍ഗയിലെ ദലിത് ഗൃഹത്തില്‍ പാകം ചെയ്ത ഭക്ഷണം നിരസിച്ച്, ഹോട്ടലില്‍ നിന്ന് ഇഡ്ഡലിയും വടയും പാര്‍സല്‍ വാങ്ങിച്ച മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്കും ബിജെപി നേതാക്കള്‍ക്കുമെതിരേയാണ് സിദ്ധരാമയ്യയുടെ വിമര്‍ശനം. ദലിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന ബിജെപി നേതാക്കള്‍ എന്തുകൊണ്ട് ദലിതരുടെ പുലാവ് കഴിക്കുന്നില്ല എന്നു സിദ്ധരാമയ്യ ചോദിച്ചു. യെദ്യൂരപ്പയുടെ 'ജനസമ്പര്‍ക്ക് അഭിയാന്‍' പര്യടനത്തിനിടെയാണ് സംഭവം. തൊട്ടുകൂടായ്മ ഇപ്പോഴും നടപ്പാക്കുന്നു എന്നു കാണിച്ച് ബിജെപി നേതാക്കള്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവിടാന്‍ ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ ഡി വെങ്കടേഷ് രംഗത്തുവന്നിട്ടുണ്ട്. ദലിതര്‍ പാകം ചെയ്ത ഭക്ഷണം കഴിക്കാതെ ഹോട്ടല്‍ ഭക്ഷണം അവരുടെ വീട്ടില്‍ നിന്ന് കഴിക്കുമ്പോള്‍ മനസ്സിലാക്കാവുന്നത് ദലിതര്‍ ഇപ്പോഴും മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമായിട്ടില്ല എന്നതാണെന്ന് വെങ്കിടേഷ് അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top