ദയാവധം: സുപ്രിംകോടതിവിധിയില്‍ കടമ്പകളേറെയെന്ന് കെ വേണു

തൃശൂര്‍: നിഷ്‌ക്രിയ ദയാവധവും മുന്‍കൂര്‍ ചികില്‍സാ വില്‍പത്രവുമായി ബന്ധപ്പെട്ട സമീപകാലത്തെ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെങ്കിലും പ്രായാഗികമാക്കാന്‍ നിരവധി കടമ്പകളുണ്ടെന്ന് ചിന്തകന്‍ കെ വേണു അഭിപ്രായപ്പെട്ടു.
സുപ്രീം കോടതി വിധിയുടെ നൈതികമാനങ്ങളെകിറിച്ച് ചികിത്സാനീതിയും പെയിന്‍ ആ ന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും ചേര്‍ന്ന് സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാള്‍ തന്റെ അന്ത്യകാലത്തെ ചികില്‍സയെകുറിച്ച് സ്വമേധയാ വില്‍പത്രമെഴുതിവെച്ചാലും നടപ്പാക്കാന്‍ മജിസ്‌ട്രേറ്റും കളക്ടറുമടക്കമുള്ളവരുടെ അനുമതി വേണമെന്നതിനാല്‍ പ്രായോഗികമായി അത് അനന്തമായി നീണ്ടുപോകാനാണ് സാധ്യത.
മറിച്ച് ബന്ധുക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും തീരുമാനിക്കാവുന്ന അവസ്ഥയാണ് ഉണ്ടാകേണ്ടത്. ആരോഗ്യരംഗത്തെ വാണിജ്യവല്‍ക്കരണം അതിരൂക്ഷമായിരിക്കുന്ന ഇക്കാലത്ത് മരിച്ചാല്‍ പോലും വെന്റിലേറ്ററില്‍ കിടത്തി പണം വാങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്.
അന്തസ്സായി ജീവിക്കാനുള്ള അവകാശമെന്നപോലെ അന്തസ്സായി മരിക്കാനുള്ള അവകാശവും ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രോഗികളുടെ അന്ത്യകാലപരിചരണത്തില്‍ പാലിയേറ്റീവ് കെയര്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്‍സ്റ്റിട്യൂട്ട് ഓഫ് പെയിന്‍ ആന്റ് പാലിയേറ്റീവ്  കെയര്‍ ഡയറക്ടര്‍ ഡോ. ഇ ദിവാകരന്‍ ആവശ്യപ്പെട്ടു.
മെഡിക്കല്‍ വിദ്യാഭ്യാസ സിലബസിലും പാലിയേറ്റീവ് കെയര്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം വിധിയുടെ വിവിധ മാനങ്ങളെകുറിച്ച് സെന്റര്‍ ഫോര്‍ മെഡിക്കല്‍ ലോ ഡയറക്ടര്‍ ഡോ വി സി ബിന്ദുമോള്‍, മുന്‍കൂര്‍ ചികില്‍സാ വില്‍പത്രത്തെകുറിച്ച് ലീഗല്‍ സര്‍വ്വീസ് ക്ലിനിക് കോഡിനേറ്റര്‍ ഡോ സോണിയ കെ ദാസ് സംസാരിച്ചു.  ഡോ. കെ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ കെ ജെ പ്രിന്‍സ്, സജീവന്‍ അന്തിക്കാട് സംസാരിച്ചു.

RELATED STORIES

Share it
Top