ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ ഉന്നതവിജയം നേടിയവരെ ആദരിച്ചുദമ്മാം: ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ദമ്മാം പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. മികച്ച പഠന നിലവാരം കാത്തുസൂക്ഷിക്കുന്ന ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ് അഭിനന്ദിച്ചു. രക്ഷിതാക്കള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം കുട്ടികളുടെ ഇഷ്ടവും അഭിരുചിയും നോക്കി കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണം. ജീവിത വിജയത്തിന് സത്യസന്ധതയും കഠിനാധ്വാനവും സമഗ്രതയും കാത്തുസൂക്ഷിക്കാനും അംബാസിഡര്‍ വിദ്യാര്‍ഥികളെ ഉപദേശിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഇ കെ മുഹമ്മദ് ഷാഫി വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു. ഭരണസമിതി ചെയര്‍മാന്‍ സുനില്‍ മുഹമ്മദ് സ്വാഗതവും പരീക്ഷാ കണ്‍ട്രോളര്‍ ആലംഗീര്‍ ഇസ്‌ലാം നന്ദിയും പറഞ്ഞു. എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഹിഫ്‌സുറഹ്മാന്‍, ഹയര്‍ബോര്‍ഡ് അംഗം ജോണ്‍ തോമസ്, അംബാസഡറുടെ പത്‌നി ഷബ്‌നം ജാവേദ്, ഭരണസമിതിയംഗങ്ങള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് അംബാസിഡറും പത്‌നിയും പുരസ്‌കാരവും സ്വര്‍ണമെഡലും സമ്മാനിച്ചു. വിവിധ സ്ട്രീമുകളില്‍ സര്‍വേശ് ശിവാനന്ദം, നിദ ഹരീഷ്, സയ്ദ് കാശിഫ് ഹൈദര്‍ റസ്‌വി, ആഫിയ, ശില്‍പ വേണുഗോപാല്‍, ജോണ്‍സ് ചെറി തോംസ്, ഹസ്‌ന അബ്ദുല്‍ ഹക്കിം എന്നിവരാണ് സ്‌കൂള്‍ ടോപേഴ്‌സ്. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. അധ്യാപകരായ ബിന്ദു പി തോമസ്, ലാരിസ ക്ലീറ്റസ്, ആനിസ് തോമസ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top