ദമ്പതികള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

കോട്ടയം: കെഎസ്ആര്‍ടിസിക്കു സമീപം ഓട്ടോ ഡ്രൈവര്‍മാരുടെ കൈയേറ്റത്തിനിരയായ ദമ്പതികള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. തിരുവനന്തപുരം ആനയറ സ്വദേശികളായ പി ശിവബാബു ആണു പരാതി നല്‍കിയത്്.
ഫെബ്രുവരി 22ന് വൈകീട്ട് ആറോടെയാണു വൈക്കം ഉല്ലല ക്ഷേത്രത്തിലേക്ക് പോവാനെത്തിയ ശിവബാബുവിനെയും കെഎസ്ഇബി സബ്് എന്‍ജിനീയറായ ഭാര്യ പത്മഷീജയെയും കെഎസ്ആര്‍ടിസിക്ക് മുന്നില്‍വച്ച് ഓട്ടോറിക്ഷാ തൊഴിലാളികള്‍ കൈയേറ്റം ചെയ്തത്്. തന്നോട് അപമര്യാദയായി പെരുമാറിയതു ചോദ്യം ചെയ്ത ഭാര്യയെ അസഭ്യം പറഞ്ഞതായും മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. ഉല്ലല ക്ഷേത്രത്തിലേക്കു പോവാനാണു തങ്ങള്‍ തിരുവനന്തപുരത്തു നിന്ന് കെഎസ്ആര്‍ടിസി ബസ്സില്‍ കോട്ടയത്തെത്തിയത്.
ബസ്സില്‍ നിന്നിറങ്ങി ഉല്ലലയിലേക്കു പോവാന്‍ ഓട്ടോറിക്ഷയില്‍ കയറിയ ഉടന്‍തന്നെ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ ചാടിവീഴുകയും ഓട്ടോക്കാരനെ ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതുകണ്ട് ഞങ്ങള്‍ ഭയന്നു. കാര്യമെന്തെന്നു ഭാര്യ ചോദിച്ചപ്പോള്‍ ചീത്ത പറയുകയും ഞങ്ങള്‍ പുറത്തിറങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഞങ്ങളെ കയറ്റിയ ഓട്ടോ റിക്ഷാക്കാരനെ രക്ഷപ്പെടുത്തുന്നതിനു പെട്ടെന്നു പുറത്തിറങ്ങി പറഞ്ഞുവിടുകയും ചെയ്തു.
ഇതിനിടയില്‍ ഞങ്ങള്‍ തിരുവനന്തപുരത്തു നിന്ന് വരുന്നവരാണെന്നും ആവശ്യം അറിയിക്കുകയും ഏഴിനു മുമ്പായി ഉല്ലല അമ്പലത്തിലെത്തണമെന്നും പറഞ്ഞപ്പോള്‍ 'ഞങ്ങള്‍ക്ക് അതൊന്നും അറിയേണ്ട കാര്യമില്ലെന്നു പറഞ്ഞ് വാക്കുതര്‍ക്കമായി. ഞങ്ങളെ കൈയേറ്റം ചെയ്തുകൊണ്ടിരിക്കെ അവിടെ വന്ന മാധ്യമ പ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിച്ചു. ഇതിനിടെ സംഭവംകണ്ട് സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകനെയും ഡ്രൈവര്‍മാര്‍ ആക്രമിച്ചു. മാധ്യമ പ്രവര്‍ത്തകനെ കൈയേറ്റം ചെയ്യുന്നതു പകര്‍ത്താനെത്തിയപ്പോഴാണ് തന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ചത്്. തങ്ങള്‍ക്കുണ്ടായ മാനസികവും ശാരീരികവുമായ വേദന ആര്‍ക്കുമുണ്ടാവരുതെന്നതാണു പരാതി നല്‍കാന്‍ ഇടയാക്കിയത്്.
ഇത്തരത്തിലുള്ള സംഭവം ഇനി ആവര്‍ത്തിക്കരുത്്. യാത്ര ചെയ്യുന്ന വാഹനമേതെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം യാത്രികനുണ്ട്്. തന്റെ ഈ പരാതിയില്‍ സത്വര തീരുമാനം വേണം. സംഭവത്തെ കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങളുടെ പകര്‍പ്പും പരാതിയ്്‌ക്കൊപ്പം നല്‍കിയിട്ടുണ്ട്്.

RELATED STORIES

Share it
Top