ദമ്പതികള്‍ക്ക് പിന്നാലെ കുടുംബങ്ങളും ഊരുവിലക്കിന്റെ ദുരിതത്തില്‍മാനന്തവാടി: ദമ്പതികളെ ഊരുവിലക്കിയ സംഭവം പുറംലോകമറിയുകയും വിവാദമാവുകയും ചെയ്തതിനെ തുടര്‍ന്ന് ദമ്പതികളുടെയും മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും അപ്രഖ്യാപിത ഊരുവിലക്ക്. നാലരവര്‍ഷക്കാലമായി മാതാപിതാക്കളോടോ ബന്ധുജനങ്ങളെയോ കാണാനോ സംസാരിക്കാനോ ആവാതെ സമുദായം ഭ്രഷ്ട് കല്‍പ്പിച്ച അരുണ്‍-സുകന്യ ദമ്പതികളുടെ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമാണ് സമുദായം ഇപ്പോള്‍ അപ്രഖ്യാപിത ഊരുവിലക്കും ഭ്രഷ്ടും കല്‍പ്പിച്ചിരിക്കുന്നത്. ദമ്പതികളെ ഊരുവിലക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെടുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാക്കുകയും ചെയ്തതിനെ തുടര്‍ന്ന് നാടകീയ സംഭവവികാസങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം എരുമത്തെരുവില്‍ നടന്ന മാരിയമ്മന്‍പൂജക്കിടെ നടന്ന ഘോഷയാത്രക്കിടെ സംഭവം പുറംലോകത്തെത്തിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ശ്രീജിത്ത് പെരുമനയെയും, സുകന്യയുടെ മാതാപിതാക്കളായ ഗോവിന്ദരാജ്, സുജാത, സഹോദരന്‍ ഗോകുല്‍ എന്നിവരെ മര്‍ദിച്ചത് വിവാദമായിരുന്നു. പ്രസ്തുത സംഭവത്തിന് ശേഷമാണ് ഇരുവരുടെയും മാതാപിതാക്കളെ പ്രത്യക്ഷമായി ഊരുവിലക്ക് ഏര്‍പ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്തുവരുന്നത്. സ്വന്തം സഹോദരന്റെ മകളുടെ വിവാഹത്തിന് പോലും ക്ഷണിക്കുന്നതില്‍ നിന്നും ബന്ധുജനങ്ങളെ ഉള്‍പ്പെടെ സമുദാംഗങ്ങള്‍ വിലക്കിയിരിക്കുകയാണ്. കാലങ്ങളായി തങ്ങള്‍ക്കൊപ്പം കഴിയുന്ന 95 വയസിലേറെ പ്രായമായ അമ്മയെ ഊരുവിലക്കിന്റെ പേരില്‍ സഹോദരങ്ങളെത്തി അവരുടെ വീടുകളിലേക്ക് കൊണ്ടുപോയെന്നും, പ്രത്യക്ഷമായി തന്നെ തങ്ങള്‍ ഊരുവിലക്കും ഭ്രഷ്ടും നേരിട്ടുകൊണ്ടിരിക്കുകയാണെന്നും സുകന്യയുടെ പിതാവ് ഗോവിന്ദരാജ് പറഞ്ഞു. എല്ലാവര്‍ഷവും നടത്തുന്ന മാരിയമ്മന്‍ പൂജയുമായി ബന്ധപ്പെട്ട് നടന്ന സമുദായ കമ്മിറ്റികളില്‍ നിന്നും സുകന്യയുടെയും അരുണിന്റെയും കുടുംബങ്ങളെ മാറ്റി നിര്‍ത്തിയിരുന്നു. ജനനം മുതല്‍ സമുദായാംഗങ്ങളായ തങ്ങള്‍ നാളിതുവരെ സമുദായാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും, മക്കള്‍ പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ മാത്രമാണ് ഈ ദുരവസ്ഥ നേരിടേണ്ടി വരുന്നതെന്നും, മാതാപിതാക്കള്‍ പറയുന്നു. മകളുടെയൊപ്പം ഒരു പന്തിയിലിരുന്ന് ഭക്ഷണം കഴിച്ചതിന്റെ പേരില്‍ ഇവര്‍ മാസങ്ങള്‍ക്ക് മുമ്പ് സമുദായത്തില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. പിന്നീട് പരസ്യമായി മാപ്പ് അപേക്ഷിക്കുകയും, പിഴ നല്‍കുകയും ചെയ്തതിന് ശേഷമാണ് തിരികെ സമുദായത്തില്‍ ഉള്‍പ്പെടുത്തിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് തങ്ങളും പ്രധാനമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്നും സുകന്യയുടെയും അരുണിന്റെയും മാതാപിതാക്കള്‍ പറയുന്നു.

RELATED STORIES

Share it
Top