ദമ്പതികള്‍ക്കു കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ പോലിസ് ചോദ്യം ചെയ്തതിനു പിന്നാലെ  ആത്മഹത്യ ചെയ്ത പുഴവാത് ഇല്ലമ്പള്ളില്‍ സുനില്‍(31),ഭാര്യ രേഷ്മ(27) എന്നിവരുടെ മൃതദേഹം നാടിന്റെ നാനാഭാഗത്തുനിന്നും എത്തിച്ചേര്‍ന്ന നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ ഫാത്തിമാപുരം വിഎസ്എസ് ശ്മശാനത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് സംസ്‌കരിച്ചു. വ്യാഴാഴ്ച കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാര്‍ട്ടത്തിനുശേഷം  തുരുത്തി യൂദാപുരം സെ ന്റ് ജൂഡ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ ചങ്ങനാശ്ശേരി രണ്ടാം നമ്പര്‍ ബസ് സ്റ്റാന്റില്‍   പൊതുദര്‍ശനത്തിനുവച്ചശേഷമായിരുന്നു ഫാത്തിമാപുരത്തെ ഡംപിങ് സ്റ്റേഷനു സമീപമുള്ള പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചത്.
മൃതദേഹം ശ്മശാനത്തില്‍ എത്തിയപ്പോഴേക്കും അവിടമാകെ വന്‍ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. രണ്ടുപേരുടേയും സംസ്‌കാരം ഒന്നിച്ചു നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഒരാളെ മാത്രം സംസ്‌കരിക്കാനുള്ള ക്രിമിറ്റോറിയത്തിന്റെ അസൗകര്യം കണക്കിലെടുത്തു സുനിലിന്റെ മൃതദേഹമാണ് ആദ്യം ക്രിമിറ്റോറിയത്തില്‍ സംസ്‌കരിച്ചത്.
മറ്റൊരു ചിതയൊരുക്കി ഭാര്യ രേഷ്മയുടെ സംസ്‌കാരവും നടത്തുകയായിരുന്നു.  സംസ്‌കാരത്തിനായി മൃതദേഹം കൊണ്ടുവരുന്നതറിഞ്ഞു  തുരുത്തി യൂദാപുരം സെന്റ്ജൂഡ്  ആശുപത്രി മുതല്‍ ചങ്ങനാശ്ശേരി, ഫാത്തിമാപുരം ശ്മശാനം വരെയും നൂറുകണക്കിനാളുകളാണ് റോഡിനിരുവശവും കാത്തു നിന്നത്.  ഫാത്തിമാപുരത്ത് എത്തിയപ്പോഴേക്കും സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജലാവലിയും കണ്ണീര്‍തൂകി നില്‍ക്കുന്നതു കാണാമായിരുന്നു.
നഗരത്തിലെ വ്യാപാരികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍, കൊടിക്കുന്നില്‍ സുരേഷ് എംപി,  സി എഫ് തോമസ് എംഎല്‍എ, കോണ്‍ഗ്രസ്,ബിജെപി നേതാക്കള്‍, സ്വര്‍ണപ്പണിക്കാരുടെ സംഘടനാ നേ—താക്കള്‍, വിവിധ ട്രേഡ്  യൂനിയനുകളുടെ പ്ര—തിനിധികള്‍ തുടങ്ങി ഒട്ടനവധി നേതാക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
അവരെല്ലാവരും മൃതദേഹത്തില്‍ റീത്തും സമര്‍പ്പിച്ചു. എസ്ഡിപിഐ,എസ്ഡിടിയു നേതാക്കളും ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയിരുന്നു. എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റ് റെസി പറക്കവെട്ടി റീത്തു സമര്‍പ്പിച്ചു.
എസ്ഡിപിഐ ജില്ലാ സെക്രട്ടറി അല്‍ത്താഫ് ഹസന്‍, എസ്ഡിടിയു മേഖലാ പ്രസിഡന്റ് ബിജു പി കെ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.അതേസമയം സിപിഎമ്മിന്റെ ഏതാനും പ്രവര്‍ത്തകര്‍ പങ്കെടുത്തതൊഴിച്ചാല്‍ നേതാക്കളാരും സംബന്ധിച്ചില്ല.  നഗരത്തില്‍ ആദ്യമായിട്ടാണ് ദമ്പതികളുടെ മൃതദേഹം ഒന്നിച്ചു സംസ്‌കരിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവരേയും ഇതു ഏറെ ദുഖത്തിലാഴ്്ത്തിയിരുന്നു.
ചങ്ങനാശ്ശേരി നഗരസഭയിലെ 26ാം വാര്‍ഡ് കൗണ്‍സിലറും ലോക്കല്‍ കമ്മിറ്റിയംഗവുമായ സജികുമാറിന്റെ ആഭരണശാലയിലെ സ്വര്‍ണപ്പണിക്കാരനായിരുന്നു സുനില്‍കുമാര്‍. ഇവിടെ നിന്നും പണിക്കായി നല്‍കിയ 400 ഗ്രാം സ്വര്‍ണം അപഹരിച്ചതായി സജികുമാര്‍ പോലിസില്‍ പരാതി നല്‍കുകയും  പോലിസ് ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നു ബുധനാഴ്ച സ്വര്‍ണത്തിന്റെ പണം നല്‍കാമെന്നു എഴുതിവയ്പ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ബുധാഴ്ച ഉച്ചയ്ക്ക് ശേഷം സുനിലും ഭാര്യ രേഷ്മയും  ആത്മഹത്യ ചെയ്യുകയായിരുന്നു. പോലിസ് മൃഗീയമായി മര്‍ദിച്ചെന്നും ആത്മഹത്യക്കു കാരണം സജികുമാറാണെന്നും ഇവര്‍ ആത്മഹത്യാകുറിപ്പും എഴുതി വച്ചിരുന്നു.

RELATED STORIES

Share it
Top