ദമ്പതികളുടെ തിരോധാനം; മീനച്ചിലാറ്റില്‍ നേവി സംഘം തിരച്ചില്‍ നടത്തികോട്ടയം: താഴത്തങ്ങാടിയില്‍ നിന്ന് കാണാതായ ദമ്പതികള്‍ക്കായി നേവിയുടെ നേതൃത്വത്തില്‍ മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നും തിരച്ചില്‍ തുടരും. കുമരകത്ത് എത്തിയ നേവി സംഘം വൈകീട്ട് മൂന്നോടെയാണു തിരച്ചില്‍ ആരംഭിച്ചത്. താഴത്തങ്ങാടി ഭാഗത്തായിരുന്നു ഇന്നലെ പരിശോധന. പ്രത്യേക കാമറ ഉപയോഗിച്ച് പുഴയുടെ അഴിത്തട്ടില്‍ പരിശോധന നടത്തുകയായിരുന്നു. ഇന്നലെ കുമരകം പോലിസ് സ്റ്റേഷനിലെത്തിയ നേവി സംഘം പോലിസുമായി ചര്‍ച്ച നത്തി. ഇതില്‍ പരിശോധിക്കേണ്ട സ്ഥലങ്ങളുടെ വിവരങ്ങള്‍ പോലിസ് കൈമാറി. ഇവര്‍ സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെ പുഴയിലേക്ക് മുങ്ങിയിട്ടുണ്ടോയെന്ന് അറിയാനായിരുന്നു മുങ്ങല്‍ പരിശോധന. നേരത്തെ ഫയര്‍ ഫോഴ്‌സിന്റെയും പോലിസിന്റെയും നേതൃത്വത്തില്‍ പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കാണാതായി മൂന്ന് ആഴ്ച പിന്നിടുമ്പോഴും കുമ്മനം അറുപുറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെപ്പറ്റി ഒരു തുമ്പും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജില്ലാ പൊലിസ് നേവിയുടെ സഹായം തേടിയത്.ഹര്‍ത്താല്‍ ദിനമായിരുന്ന ഏപ്രില്‍ ആറ് വ്യാഴാഴ്ച രാത്രി ഒമ്പതോടെ പുറത്തു നിന്നു ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു വീട്ടില്‍ നിന്നു കാറില്‍ പുറപ്പെട്ട ദമ്പതികളെ കാണാതായത്. ഒരു മാസം മുമ്പ് വാങ്ങിയ പുതിയ മാരുതി വാഗണ്‍ ആര്‍ കാറിലായിരുന്നു ഇവര്‍ പുറത്തുപോയത്. പുതിയ കാറിന്റെ ലോണ്‍ ഒഴികെ സാമ്പത്തിക ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു. ഹാഷിം പഴ്‌സോ, എടിഎം കാര്‍ഡോ, ലൈസന്‍സോ ഒന്നും വീട്ടില്‍നിന്ന് കൊണ്ടുപോയിരുന്നില്ല. ഇരുവരും മൊബൈല്‍ ഫോണും കൊണ്ടുപോയിരുന്നില്ല. ഇവയൊക്കെ ഇവര്‍ ആറ്റില്‍ വീണുട്ടുണ്ടാവാം എന്ന സംശയത്തിന് ഇടയാക്കിയിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ കണ്ടെത്താന്‍ സിസിടിവി പരിശോധനകളും പോലിസ് തുടരുന്നുണ്ട്. ഇടുക്കി അടക്കമുള്ള ജില്ലകളിലും തമിഴ്‌നാട്ടിലും പോലിസ് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇടുക്കി ജില്ലയിലെ പരുന്തുംപാറ അടക്കമുള്ള മേഖലകളില്‍ ഹെലിക്യാം ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.കൂടാതെ,സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നെങ്കിലും അനുകൂലമായ വിവരമൊന്നും ലഭിച്ചില്ല.കാര്‍ വെള്ളത്തില്‍ വീണെന്ന അഭ്യൂഹത്തെ തുടര്‍ന്ന് മീനച്ചാലാറ്റിലും കൈവഴികളിലും ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തി. എട്ടാം തിയ്യതി മൂന്നാറില്‍ ഇവരുടെ വാഹനം കണ്ടതായി മണര്‍കാട് സ്വദേശിയായ കാര്‍ ഡ്രൈവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലിസ് അവിടെയും പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഇവരെ കണ്ടെന്ന് അഭ്യൂഹം പരന്ന എല്ലായിടത്തും പോലിസ് അന്വേഷണം നടത്തി. എന്നാല്‍ ഒരിടത്തുനിന്ന് സുപ്രധാനമായ ഒരുവിവരവും ലഭിച്ചില്ല.

RELATED STORIES

Share it
Top