ദമ്പതികളുടെ തിരോധാനം: കൈപ്പുഴ ആറ്റില്‍ പരിശോധന നടത്തികുമരകം: അറുപറയില്‍ നിന്നു കാണാതായ ദമ്പതികള്‍ക്കു വേണ്ടി കൈപ്പുഴ ആറ്റില്‍ ഇന്നലെ നടത്തിയ കാമറ ഉപയോഗിച്ചുള്ള പരിശോധന വിഫലമായി. ജില്ലാ പോലിസ് മേധാവി എന്‍ രാമചന്ദ്രന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം സീഡാക്കിലെ അഞ്ച് ഉദ്യോഗസ്ഥരാണ് ഇന്നലെ വൈകീട്ട് മൂന്നു മുതല്‍ അഞ്ചു വരെ കൈപ്പുഴ ആറ്റില്‍ പരിശോധന നടത്തിയത്. അണ്ടര്‍വാട്ടര്‍ റോബര്‍ട്ട് എന്ന നവീന സംവിധാനം ഉപയോഗിച്ചാണ് പുഴയുടെ അടിയില്‍ പരിശോധന നടത്തിയത്. വെള്ളത്തിനടിയില്‍ നിന്നു കാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ യൂനിറ്റില്‍ കാണാന്‍ കഴിയും. തെളിഞ്ഞ വെള്ളമാണെങ്കില്‍ മൂന്നു മീറ്ററിനുള്ളിലുളള ദൃശ്യങ്ങള്‍ വ്യക്തമായി ലഭിക്കുമെന്നതാണ് ഈ നൂതന സംവിധാനത്തിന്റെ നേട്ടം. പോലിസിന്റെ അന്വേഷണത്തിനു വേണ്ടി ഈ സംവിധാനം സംസ്ഥാനത്ത് ആദ്യമായാണ് ഉപയോഗിക്കുന്നത്. അറുപറ പാലത്തിന് സമീപം ഒറ്റകണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ ഏപ്രില്‍ ആറിനാണ് കാണാതായത്. ഹര്‍ത്താല്‍ ദിനമായ അന്നു കോട്ടയം ടൗണില്‍ നിന്ന് ആഹാരം വാങ്ങിവരാമെന്നു പറഞ്ഞ് കാറില്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു ദമ്പതികള്‍. പിന്നീട് തിരികെയെത്തിയില്ല. ഇവരെ കാണാതായതിനെ തുടര്‍ന്ന് ആരംഭിച്ച അന്വേഷണം 88 ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരു സൂചന പോലും ലഭിച്ചിട്ടില്ല. വെസ്റ്റ് സിഐ നിര്‍മല്‍ ബോസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ കൈപ്പുഴമുട്ടില്‍ നടത്തിയ അന്വേഷണത്തിന് പോലിസ് ചീഫ് എന്‍ രാമചന്ദ്രന്‍, ഡിവൈഎസ്പി സഖറിയ മാത്യു, വൈസ്റ്റ് സിഐ നിര്‍മല്‍ ബോസ്, കുമരകം എസ്‌ഐ ജി രജന്‍കുമാര്‍ നേതൃത്വം നല്‍കി. റിമോര്‍ട്ടലി ഓപറേറ്റഡ് സബ് മസബിള്‍ ഉപയോഗിച്ചുള്ള പരിശോധന അഞ്ചുദിവസം തുടരും. കവണാറ്റിന്‍കര, താഴത്തങ്ങാടി എന്നിവിടങ്ങളിലാണ് പരിശോധന നടക്കുക.

RELATED STORIES

Share it
Top