ദമ്പതികളുടെ ആത്മഹത്യ; അന്വേഷണ സംഘം സ്റ്റേഷനിലും വാടകവീട്ടിലും തെളിവെടുപ്പു നടത്തി

കോട്ടയം: ചങ്ങനാശ്ശേരിയില്‍ പോലിസ് ചോദ്യംചെയ്തു വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണ സംഘം തെളിവെടുപ്പു നടത്തി. പുഴവാത് ഇല്ലമ്പള്ളി സുനില്‍കുമാര്‍, ഭാര്യ രേഷ്മ എന്നിവര്‍ താമസിച്ച വാടകവീട്ടിലും പോലിസ് സ്‌റ്റേഷനിലുമാണു തെളിവെടുപ്പ് നടത്തിയത്. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും പോലിസിനൊപ്പമുണ്ടായിരുന്നു.
കോട്ടയം ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി പ്രകാശന്‍ ടി പടന്നയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സുനില്‍ കുമാറിനും രാജേഷിനുമെതിരേ സ്വര്‍ണം മോഷ്ടിച്ചുവെന്നാരോപിച്ച് പരാതി നല്‍കിയ സിപിഎം കൗണ്‍സിലര്‍ സജി കുമാറിനെ ചോദ്യംചെയ്യും.
പോലിസ് സുനിലിനെ ചോദ്യംചെയ്ത ദിവസം പാറാവ് ഡ്യൂട്ടിയിലും ജിഡി ചാര്‍ജ് ഡ്യൂട്ടിയിലുമുണ്ടായിരുന്നവരെയും അറസ്റ്റ് ചെയ്യപ്പെട്ട് സെല്ലില്‍ അടച്ചിരുന്നവരെയും ചോദ്യംചെയ്യും. ചങ്ങനാശ്ശേരി പോലിസ് സ്‌റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
കേസുമായി ബന്ധപ്പെട്ട അന്തിമ റിപോര്‍ട്ട് ഉടന്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥന്‍ ജില്ലാ പോലിസ് മേധാവി ആര്‍ ഹരിശങ്കറിന് സമര്‍പ്പിക്കും.
അതേസമയം, സുനിലിന്റെ ശരീരത്തില്‍ മുറിവുകളോ, മര്‍ദനമേറ്റ പാടുകളോ ഇല്ലെന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് വിഭാഗം അധികൃതര്‍ അറിയിച്ചു.
വിഷം ഉള്ളില്‍ച്ചെന്നാണു മരണമെന്നും ഇവര്‍ പറയുന്നു. സുനിലിന് മര്‍ദനമേറ്റിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചതെന്നു കോട്ടയം എസ്പി ആര്‍ ഹരിശങ്കര്‍ പ്രതികരിച്ചു. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുനിലിനു മര്‍ദനമേറ്റതായി കണ്ടെത്താനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി പ്രകാശന്‍ ടി പടന്നയിലും വ്യക്തമാക്കി. സുനിലിനെ ആശുപത്രിയിലെത്തിക്കുന്നതിനായി വാഹനത്തില്‍ കയറ്റുമ്പോഴുണ്ടായതാണു ശരീരത്തിലെ പാടുകളെന്നും വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമാണ് ഇതു സബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയൂ എന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top