ദക്ഷിണ ചൈനാ കടല്‍: ചൈനയ്ക്ക് യുഎസിന്റെ മുന്നറിയിപ്പ്‌

വാഷിങ്ടണ്‍: തര്‍ക്കപ്രദേശമായ ദക്ഷിണ ചൈനാ കടലില്‍ ചൈനയുടെ സൈനികവിന്യാസം തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നു യുഎസിന്റെ മുന്നറിയിപ്പ്. തെക്കന്‍ ചൈനാ കടലില്‍ ചൈന കപ്പല്‍വേധ ക്രൂസ് മിസൈലുകളും  ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകളും വിന്യസിച്ചതിനു പിന്നാലെയാണ് യുഎസിന്റെ മുന്നറിയിപ്പ്. ചൈനയുടെ നീക്കത്തില്‍ പെന്റഗണും ആശങ്ക അറിയിച്ചു.
ദക്ഷിണ ചൈനാ കടലില്‍ ചൈനയുടെ സൈനികവല്‍ക്കരണത്തെക്കുറിച്ച് തങ്ങള്‍ക്കു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. വിഷയത്തിലെ ആശങ്ക ചൈനീസ് നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നു മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്നും വൈറ്റ് ഹൈസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് അറിയിച്ചു.
ദക്ഷിണ ചൈനാ കടലില്‍ ചൈന കപ്പല്‍വേധ ക്രൂസ് മിസൈലുകളും കരയില്‍നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകളും വിന്യസിച്ചതായി സിഎന്‍ബിസി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവിട്ടിരുന്നു.  സ്പാര്‍ട്‌ലി ദ്വീപ് ചൈനയുടെ അവിഭാജ്യഘടകമാണെന്നും ദേശീയ സുരക്ഷയുടെ ഭാഗമായാണ് മേഖലയില്‍ സുരക്ഷാ സന്നാഹത്തെ വിന്യസിച്ചതെന്നും മറ്റു രാജ്യങ്ങളെ ലക്ഷ്യമിട്ടല്ലെന്നുമാണ് ചൈനയുടെ പ്രതികരണം.

RELATED STORIES

Share it
Top