ദക്ഷിണ ചൈനാക്കടലിലെ ചൈനീസ് ദ്വീപുകള്‍ ; മുന്നറിയിപ്പുമായി യുഎസ്വാഷിങ്ടന്‍: ദക്ഷിണ ചൈനാക്കടലിലെ കൃത്രിമ ദ്വീപുകളില്‍ ചൈന നടത്തുന്ന സൈനിക നീക്കത്തിനെതിരേ യുഎസ് മുന്നറിയിപ്പ്. ചൈനീസ് നീക്കം അംഗീകരിക്കാനാവില്ലെന്നു യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. സിംഗപ്പൂരില്‍ നടക്കുന്ന സുരക്ഷാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മാറ്റിസ്. ചൈന ഇത്തരം നീക്കങ്ങളുമായി മുന്നോട്ടു പോവുന്നത് മേഖലയുടെ സ്ഥിരതയെ ബാധിക്കുമെന്നും മാറ്റിസ് മുന്നറിയിപ്പ് നല്‍കി. പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ ദക്ഷിണ ചൈനാക്കടല്‍ തങ്ങളുടെ അധീനതയിലാണെന്നാണ് ചൈനീസ് അവകാശം. എന്നാല്‍, മേഖലയുടെ നിയന്ത്രണം അവകാശപ്പെട്ട് മറ്റു രാജ്യങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്. അതേസമയം, ഉത്തരകൊറിയയുടെ മിസൈല്‍, ആണവപദ്ധതികള്‍ നിയന്ത്രിക്കാന്‍ ചൈന നടത്തുന്ന ശ്രമങ്ങളെ യുഎസ് പ്രതിരോധ സെക്രട്ടറി പുകഴ്ത്തി.മേഖലയില്‍ കൃത്രിമദ്വീപുകള്‍ നിര്‍മിക്കുന്നതും സൈനിക വിന്യാസം നടത്തുന്നതും യുഎസ് ശക്തമായി എതിര്‍ക്കും. ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മാറ്റിസ് പറഞ്ഞു. നേരത്തേയും ചൈനയുടെ നീക്കത്തിനെതിരേ യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം സ്പാര്‍ട്‌ലി ദ്വീപുകളുടെ സമീപത്തു യുഎസ് യുദ്ധക്കപ്പല്‍ യുഎസ്എസ് ദെവെ റോന്തുചുറ്റിയത് വിവാദമായിരുന്നു. യുഎസിന്റേത് പ്രകോപനപരമായ നടപടി ആണെന്നാണ് ചൈനയുടെ നിലപാട്. ചൈനയുടെ പരമാധികാരം ലംഘിക്കുകയാണു യുഎസ് ചെയ്തതെന്നും വിമര്‍ശിച്ചിരുന്നു. പതിനാലു ചെറുദ്വീപുകള്‍ ഉള്‍പ്പെട്ട സ്പാര്‍ട്‌ലി ദ്വീപുകള്‍ക്കുമേല്‍ ചൈന, തായ്‌വാന്‍, മലേസ്യ, ബ്രൂണയ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ അവകാശം ഉന്നയിക്കുന്നുണ്ട്. എന്നാല്‍, ഇതു മുഴുവന്‍ തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം.

RELATED STORIES

Share it
Top