ദക്ഷിണ കൊറിയക്ക് കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം

തിരുവനന്തപുരം: കേരളത്തില്‍ നിക്ഷേപം നടത്താന്‍ കൊറിയ—ക്ക് താല്‍പര്യമുണ്ടെന്ന് ഇന്ത്യയിലെ ദക്ഷിണകൊറിയന്‍ സ്ഥാനപതി ഷിന്‍ ബോങ് കില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് വ്യവസായമന്ത്രി ഇ പി ജയരാജനുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ചനടത്തിയതായും അദ്ദേഹം പറഞ്ഞു.
കൊറിയ കാരവന്‍ എന്ന പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ ബോങ് കില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഇലക്‌ട്രോണിക് ഹാര്‍ഡ്‌വെയര്‍ നിര്‍മാണ യൂനിറ്റ്, നോളജ് ഇന്‍ഡസ്ട്രി, അടിസ്ഥാനസൗകര്യ വികസനം, തുറമുഖ വികസനം, ഷിപ്പ് ബില്‍ഡിങ് തുടങ്ങിയ മേഖലകളിലാണ് കേരളസര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിലവില്‍ നിക്ഷേപം നടത്തിയിട്ടുള്ള നിരവധി കൊറിയന്‍ കമ്പനികളുണ്ടെന്നും മറ്റുചില കമ്പനികള്‍ നിക്ഷേപത്തിനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വളര്‍ന്നുവരുന്ന വിപണിയെന്ന നിലയിലും മികച്ച വാങ്ങല്‍ ശേഷിയുള്ളതുകൊണ്ടും ഇന്ത്യ ലോകശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. ഇന്ത്യയും കൊറിയയും തമ്മിലുള്ള സാംസ്‌കാരിക വിനിമയം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഇതിനായി ഇന്ത്യയില്‍ നിന്നും കൊറിയയിലേക്കുള്ള വിസ പ്രക്രിയ ലളിതമാക്കും.
കൊറിയ കാരവന്റെ ഭാഗമായി നടന്ന ബിസിനസ് സമ്മിറ്റില്‍ കേരളത്തിലെ വ്യവസായ സമൂഹവുമായി സ്ഥാനപതിയുടെ നേതൃത്വത്തിലുള്ള കൊറിയന്‍ പ്രതിനിധിസംഘം ചര്‍ച്ച നടത്തി. നിക്ഷേപ സാധ്യതയും ഉഭയകക്ഷി വ്യാപാരവും ചര്‍ച്ചാവിഷ—യങ്ങളായിരുന്നു.

RELATED STORIES

Share it
Top