ദക്ഷിണാഫ്രിക്ക 126ന് പുറത്ത്; ശ്രീലങ്ക കൂറ്റന്‍ ലീഡിലേക്ക്ഗല്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക കൂറ്റന്‍ ലീഡിലേക്ക്. രണ്ടാം ദിനം കളി പിരിയുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റിന് 111 റണ്‍സെന്ന നിലയില്‍ നില്‍ക്കുന്ന ശ്രീലങ്കയ്ക്ക് നിലവില്‍ 272 റണ്‍സിന്റെ ലീഡാണുള്ളത്. ശ്രീലങ്ക പടുത്തുയര്‍ത്തിയ 287 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 126 റണ്‍സിന് കൂടാരം കയറിയതാണ് ലങ്കയ്ക്ക് തുണയായത്.രണ്ടാം ദിനം ഒരു വിക്കറ്റിന് നാല് റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 54.3 ഓവറില്‍ 126 എന്ന ചെറിയ സ്‌കോറില്‍ അവസാനിക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ദില്‍റൂവന്‍ പെരേരയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സുരങ്ക ലക്മാലുമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. രങ്കണ ഹരാത്ത് രണ്ട് വിക്കറ്റും സണ്ടകന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ഫഫ് ഡുപ്ലെസിസിന് (49) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. ആദ്യ ഇന്നിങ്‌സില്‍ നേടിയ 161 റണ്‍സ് ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ലങ്കയ്ക്ക് ദിമുത് കരുണരത്‌ന (60) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. രണ്ടാം ദിനം  കളി നിര്‍ത്തുമ്പോള്‍ ഏയ്ഞ്ചലോ മാത്യൂസും (14*) റോഷന്‍ സില്‍വയുമാണ് (10*) ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

RELATED STORIES

Share it
Top